പകർച്ചവ്യാധി; ജനങ്ങൾ ഒരുമിച്ചുകൂടുന്നത് ഒഴിവാക്കണമെന്ന് ഖമീസ് പൊലീസ് മേധാവി
text_fieldsഅബഹ: സീസണൽ ഇൻഫ്ലുവൻസ പോലുള്ള പകർച്ചവ്യാധി പടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ഒരുമിച്ചുകൂടുന്നത് ഒഴിവാക്കണമെന്ന് ഖമീസ് പൊലീസ് മേധാവി അമീദ് മുഹമ്മദ് ബിലാവി അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഖമീസ് മുശൈത്തിലെ മാർക്കറ്റിൽ ജനങ്ങൾ തടിച്ചുകൂടുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നവരെ പിടിക്കാനും നാടുകടത്താനും ഖമീസ് പൊലീസ് മേധാവിക്ക് അസീർ ഗവർണർ നിർദേശം നൽകിയിരിക്കുകയാണ്. നിർദേശം ലംഘിച്ചതിന് നിലവിൽ പിടിക്കപ്പെട്ടവരിൽ, പുതുതായി സൗദിയിൽ വന്നവരും ഒരു കുറ്റകൃത്യങ്ങളിലും പെടാത്തവരും ഉണ്ട്. കടുത്ത നടപടികൾക്ക് ഉദ്യോഗസ്ഥർ നിർബന്ധിതരാവുകയാണ്.
ഇത് ഒഴിവാക്കുന്നതിന് മുഴുവൻ പ്രവാസി സമൂഹവും സഹകരിക്കണമെന്ന് ഖമീസ് പൊലീസ് മേധാവി അറിയിച്ചു. മാർക്കറ്റിലേക്ക് വരുന്നവർ മാസ്ക് ധരിക്കണമെന്നും അനാവശ്യമായി വ്യാപാര മേഖലകളിൽ തടിച്ചുകൂടുന്നത് ഒഴിവാക്കണമെന്നും സുഹൃത്തുക്കളെ കാണാൻ ദൂരസ്ഥലങ്ങളിൽനിന്നും വരുന്നവരുടെ കൂടിച്ചേരലുകൾ താമസസ്ഥലങ്ങളിലേക്കു മാറ്റണമെന്നും സാധനങ്ങൾ വാങ്ങാൻ വരുന്നവർ ഉച്ചക്കു മുമ്പായി വാങ്ങി മടങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഖമീസ് മുശൈത്ത് പൊലീസ് ആസ്ഥാനത്ത് വിളിച്ചുചേർത്ത യോഗത്തിൽ മുഴുവൻ വിദേശരാജ്യങ്ങളുടെ പ്രതിനിധികളോടും നവമാധ്യമങ്ങളിലൂടെയും മറ്റു സാധ്യമായ സ്രോതസ്സുകളിലൂടെയും തങ്ങളുടെ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളുടെ ശ്രദ്ധയിൽപെടുത്തണമെന്നും സഹകരണം ഉറപ്പുവരുത്തണമെന്നും പൊലീസ് മേധാവി ആവശ്യപ്പെട്ടതായി ഇന്ത്യൻ സമൂഹത്തിനു വേണ്ടി യോഗത്തിൽ പങ്കെടുത്ത അഷ്റഫ് കുറ്റിച്ചൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.