സൗദിയിൽ പണപ്പെരുപ്പം 1.6 ശതമാനമായി കുറഞ്ഞതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ്
text_fieldsയാംബു: സൗദി അറേബ്യയിൽ പണപ്പെരുപ്പം കുറഞ്ഞു. മാർച്ചിൽ അവസാനിച്ച സാമ്പത്തിക അവലോകന റിപ്പോർട്ടിലാണ് കുറവ് രേഖപ്പെടുത്തിയത്. 1.6 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞതെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു. 1.8 ശതമാനമായിരുന്നു ഫെബ്രുവരിയിലെ പണപ്പെരുപ്പ നിരക്ക്. വസ്ത്രങ്ങൾ, ചെരിപ്പുകൾ, ഗാർഹിക ഉപകരണങ്ങൾ, ഫർണിച്ചർ, വാഹനങ്ങൾ തുടങ്ങിയവയുടെ വിലയിൽ കുറവ് രേഖപ്പെടുത്തിയത് പണപ്പെരുപ്പം കുറയാൻ ഇടയാക്കി.
സൗദി സമ്പദ്വ്യവസ്ഥയുടെ ശക്തിയും ആഗോള വിലക്കയറ്റത്തെ നേരിടാൻ രാജ്യം നേരത്തേയെടുത്ത സാമ്പത്തിക നടപടികളുടെ ഫലപ്രാപ്തിയും ഈ പണപ്പെരുപ്പ നിരക്ക് ഇടിവിൽ പ്രതിഫലിക്കുന്നുണ്ട്. പണപ്പെരുപ്പ നിരക്കിലെ സ്ഥിരത സൗദി സമ്പദ്വ്യവസ്ഥയുടെ ശക്തിയെയും അതിവേഗത്തിൽ നടപ്പിലാക്കിയ സാമ്പത്തിക നടപടിക്രമങ്ങളുടെയും നടപടികളുടെയും ഫലപ്രാപ്തിയെ പ്രതിഫലിപ്പിക്കുന്നു. ഭക്ഷണ, പാനീയ വിലകൾ, കഴിഞ്ഞ വർഷം ഭൂരിഭാഗവും വിലവർധനയുടെ മുൻനിരയിലായിരുന്നു. അതേസമയം വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും ഫർണിച്ചറിനും വീട്ടുപകരണങ്ങൾക്കും വില കുറഞ്ഞു. പണപ്പെരുപ്പ നിരക്കിലെ ആഗോള വർധനയെ നേരിടാൻ രാജ്യം നേരത്തേ തന്നെ നടപടികൾ സ്വീകരിച്ചതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.