പകർച്ചപ്പനി വാക്സിനേഷൻ കാമ്പയിന് തുടക്കം
text_fieldsറിയാദ്: രാജ്യത്ത് പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് കാമ്പയിന് തുടക്കം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സീസണൽ ഇൻഫ്ലുവൻസ വാക്സിൻ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ ആരംഭിച്ചിട്ടുണ്ട്. സാമൂഹിക പ്രതിരോധം വർധിപ്പിക്കുന്നതിനുള്ള ആരോഗ്യ പ്രവർത്തനങ്ങളുടെ ഭാഗമാണിത്.
പ്രതിരോധശേഷി ദുർബലപ്പെടുത്തുന്ന മരുന്നുകൾ കഴിക്കുന്നവർ, 50 വയസ്സിന് മുകളിലുള്ളവർ, ആറ് മാസത്തിനും അഞ്ച് വയസ്സിനുമിടയിലെ കുട്ടികൾ, ഗർഭിണികൾ, പൊണ്ണത്തടിയുള്ളവർ, ആരോഗ്യ മേഖലയിലെ തൊഴിലാളികൾ, വിട്ടുമാറാത്ത രോഗമുള്ളവർ എന്നിവരാണ് സീസണൽ ഇൻഫ്ലുവൻസ ബാധിക്കുമ്പോൾ സങ്കീർണതകൾക്ക് ഏറ്റവും സാധ്യതയുള്ളവരെന്ന് മന്ത്രാലയം വിശദീകരിച്ചു.
സീസണൽ ഇൻഫ്ലുവൻസ വാക്സിൻ പ്രത്യേകിച്ച് മുകളിൽ പറഞ്ഞ വിഭാഗക്കാർക്ക് സുരക്ഷിതവും ആവശ്യവുമാണ്. കഠിനമായ അസുഖത്തിൽനിന്നുള്ള സങ്കീർണതകൾ, അതുമൂലം മരണമുണ്ടാകാനുള്ള സാധ്യത എന്നിവ കുറക്കുന്നതിന് വാക്സിനേഷൻ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
വാക്സിൻ എടുക്കുക, കൈകൾ നന്നായി കഴുകുക, കണ്ണും വായും നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിക്കുക, സ്ഥലത്തിന്റെ ശുചിത്വം ഉറപ്പാക്കുക എന്നിവ സീസണൽ ഇൻഫ്ലുവൻസയെ പ്രതിരോധിക്കാനുള്ള മാർഗങ്ങളാണ്.
കടുത്ത ലക്ഷണങ്ങളിൽനിന്ന് വലിയ അളവോളം സംരക്ഷിക്കുന്നതിൽ വാക്സിൻ പ്രധാന പങ്കുവഹിക്കുന്നു. അണുബാധക്കും സങ്കീർണതകൾക്കും സാധ്യതയുള്ള വിഭാഗങ്ങളിൽനിന്ന് കുടുംബ ചുറ്റുപാടുകളെയും സംരക്ഷിക്കുന്നു. വാക്സിനേഷന് ‘മൈ ഹെൽത്ത്’ (സിഹ്വതി) എന്ന ആപ് വഴി ബുക്ക് ചെയ്യാം. രാജ്യത്തെ സ്വദേശികളും വിദേശികളുമായ എല്ലാവർക്കും ഇത് ലഭ്യമാണ്. വൈറസ് നിരന്തരം മാറിക്കൊണ്ടിരിക്കുന്നതിനാൽ വാക്സിൻ ഡോസ് വർഷന്തോറും എടുക്കണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
രോഗങ്ങൾക്കും ഗുരുതരമായ അണുബാധ സങ്കീർണതകൾക്കും പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് പ്രായമായവർ സീസണൽ വാക്സിനേഷൻ എടുക്കുന്നത് ഉറപ്പാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിരന്തര പ്രയത്നങ്ങളിലൂടെ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവരുടെ എണ്ണം വർധിപ്പിക്കാനും രോഗബാധിതരുടെ നിരക്ക് കുറക്കാനും സീസണൽ ഇൻഫ്ലുവൻസ അണുബാധ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറക്കാനുമാണ് ശ്രമിക്കുന്നതെന്നും മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.