ചൈനയിലെ സൗദി വിദ്യാർഥികളുമായി വിവരസാങ്കേതിക വിദ്യ മന്ത്രിയുടെ കൂടിക്കാഴ്ച
text_fieldsറിയാദ്: ചൈനീസ് സന്ദർശനത്തിന്റെ ഭാഗമായി ബെയ്ജിങ്ങിലെത്തിയ സൗദി ആശയവിനിമയ, വിവരസാങ്കേതിക വിദ്യ മന്ത്രി എൻജി. അബ്ദുല്ല അൽ സവാഹ അവിടെയുള്ള സൗദി വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്തി. പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള സ്കോളർഷിപ്പുകൾ സംബന്ധിച്ച് അദ്ദേഹം വിദ്യാർഥികളോട് വിശദീകരിച്ചു.
ചൈനീസ് നഗരങ്ങളിൽ നിലനിൽക്കുന്ന ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ബഹിരാകാശ പര്യവേക്ഷണ പദ്ധതി എന്നിവയെ സംബന്ധിച്ച പഠന നിരീക്ഷണങ്ങൾക്കായി നിയോഗിക്കപ്പെട്ട സൗദി പ്രതിനിധിസംഘത്തെ നയിച്ചാണ് മന്ത്രി ചൈനീസ് തലസ്ഥാനത്തെത്തിയത്.
ആശയവിനിമയ, വിവരസാങ്കേതിക വിദ്യ ഉപമന്ത്രി എൻജി. ഹൈതം അൽ ഒഹാലി, ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ അൽ ഹർബി എന്നിവരുടെ സാന്നിധ്യത്തിലാണ് അബ്ദുല്ല അൽ സവാഹ സ്കോളർഷിപ് വിദ്യാർഥികളുമായി ചർച്ച നടത്തിയത്.
സൗദി വിഷൻ 2030 മുന്നോട്ടുവെക്കുന്ന മനുഷ്യശേഷി വികസന പരിപാടിയുടെ വെളിച്ചത്തിൽ മാനവ മൂലധനത്തിന്റെ പ്രാധാന്യം വിശദീകരിച്ച അൽ സവാഹ അതുൾക്കൊണ്ട് മുന്നേറാൻ വിദ്യാർഥികളെ ആഹ്വാനം ചെയ്തു.സ്കോളർഷിപ്പിൽ പഠിക്കുന്ന സൗദി വിദ്യാർഥികളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. രാജ്യത്തിന്റെ അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിൽ യുവാക്കൾക്കും വനിതകൾക്കും പ്രധാന പങ്കാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥ, ഗവേഷണം, വികസനം, ശാസ്ത്ര ബഹിരാകാശ മേഖല എന്നിവയിൽ ആഗോളതലത്തിൽ മത്സരിക്കാൻ കഴിവുള്ള തലമുറയെ വാർത്തെടുക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.