ഐ.എൻ.എല്ലിലെ വിഭാഗീയത; ഐ.എം.സി.സി സൗദി നാഷനൽ പ്രസിഡൻറ് എ.എം അബ്ദുള്ളകുട്ടിയെ തൽസ്ഥാനത്തു നിന്നും നീക്കി
text_fieldsജിദ്ദ: ഇന്ത്യൻ നാഷനൽ ലീഗ് (ഐ.എൻ.എൽ) കേരള സംസ്ഥാന കമ്മിറ്റിയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ഭാഗമായി പാർട്ടിയുടെ സൗദിയിലെ പോഷക സംഘടനയായ ഐ.എം.സി.സിയുടെ നാഷനൽ പ്രസിഡന്റ് എ.എം അബ്ദുള്ളക്കുട്ടിയെ തൽസ്ഥാനത്ത് നിന്ന് നീക്കി. അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. മുഹമ്മദ് സുലൈമാനാണ് ഇക്കാര്യമറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോഡ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് എ.പി അബ്ദുൽ വഹാബ് 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്ന ആരോപണത്തെക്കുറിച്ചു എ.എം അബ്ദുള്ളക്കുട്ടി നേരത്തെ ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. ഈ പ്രതികരണം സംസ്ഥാന പ്രസിഡന്റിന് എതിരെ ആണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തോട് അഖിലേന്ത്യാ പ്രസിഡന്റ് വിശദീകരണം ചോദിച്ചിരുന്നു.
എന്നാൽ സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള തെറ്റായ ആരോപണങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചപ്പോൾ അതിനെതിരെയായിരുന്നു തന്റെ ഫേസ്ബുക് പ്രതികരണമെന്നും പാർട്ടിക്കുള്ളിൽ വിഭാഗീയത വളർത്താൻ ശ്രമിക്കുന്ന ചിലർ തന്റെ പ്രതികരണത്തെ തെറ്റായ രീതിയിൽ വളച്ചൊടിച്ചു അഖിലേന്ത്യ നേതൃത്വത്തെ അറിയിക്കുകയായിരുന്നെന്നും എ.എം അബ്ദുള്ളക്കുട്ടി 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വിശദീകരണം ചോദിച്ചതിന് കൃത്യമായ മറുപടി കൊടുത്തിരുന്നെന്നും തന്റെ പ്രതികരണത്തെ വളച്ചൊടിച്ചവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ അഖിലേന്ത്യാ പ്രസിഡന്റ് വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നവരുടെ കളിപ്പാവയായാണ് പ്രവർത്തിക്കുന്നതെന്നും സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാർട്ടിയെ നശിപ്പിക്കാനുള്ള പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതായും അബ്ദുള്ളക്കുട്ടി കൂട്ടിച്ചേർത്തു. തന്നെ ഐ.എം.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കിയ തീരുമാനത്തെ അംഗീകരിക്കില്ലെന്നും സൗദിയിലെ മുഴുവൻ പ്രവിശ്യ കമ്മിറ്റികളും തനിക്ക് പിന്തുണ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സൗദി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഒരുമിച്ച് തീരുമാനത്തെ അംഗീകരിക്കില്ലെന്ന് അറിയിച്ചു അഖിലേന്ത്യാ പ്രസിഡന്റിന് കത്ത് നൽകിയിട്ടുണ്ട്. കേരളത്തിൽ പാർട്ടിക്കുള്ളിൽ നടക്കുന്ന വിഭാഗീയ പ്രശ്നങ്ങളുടെ അലയൊലികൾ ഗൾഫ് ഘടകങ്ങളിലേക്കും വ്യാപിക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് സൗദി പ്രസിഡന്റിനെ നീക്കികൊണ്ടുള്ള അഖിലേന്ത്യാ പ്രസിഡന്റിന്റെ തീരുമാനം. എന്നാൽ ഗൾഫ് നാടുകളിലെ പാർട്ടി പ്രവർത്തകർ ഇത്തരം വിഭാഗീയ പ്രവർത്തനങ്ങളോട് എങ്ങിനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.