‘ഡെസേർട്ട് ഡ്രീം’; മിഡിൽ ഈസ്റ്റിലെ ആദ്യ ആഡംബര ട്രെയിൻ സൗദിയിൽ, വിശദാംശങ്ങൾ പുറത്ത്
text_fields‘ഡെസേർട്ട് ഡ്രീം’ ആഡംബര ട്രെയിൻ
റിയാദ്: മിഡിൽ ഈസ്റ്റിലെ ആദ്യ പഞ്ചനക്ഷത്ര ട്രെയിൻ സൗദി അറേബ്യയിൽ. ‘സെഡോർട്ട് ഡ്രീം’ എന്ന ആഡംബര ട്രെയിൻ സൗദി റെയിൽവേക്ക് കീഴിൽ 2026 മൂന്നാം പാദത്തിൽ രാജ്യത്തിനകത്ത് ഓടിത്തുടങ്ങും. നിർമാതാക്കളായ ഇറ്റാലിയൻ കമ്പനി ആഴ്സനാലെ ട്രെയിനിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തി. ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെയാണ് ട്രയിനിന്റെ അന്തിമ രൂപരേഖ പുറത്തുവിട്ടത്.
മിഡിൽ ഈസ്റ്റിലെ ആദ്യത്തെ പഞ്ചനക്ഷത്ര ട്രെയിനാകും. സൗദി റെയിൽവേ, ആഴ്സനാലെ, സാംസ്കാരിക മന്ത്രാലയം, സൗദി ടൂറിസം അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ട്രെയിനിന്റെ അന്തിമ രൂപകൽപന വികസിപ്പിച്ചത്. സൗദി അറേബ്യയുടെ ഐഡന്റിറ്റി പ്രതിഫലിപ്പിക്കുന്ന രൂപകൽപനയിലാണ് ട്രെയിൻ നിർമിക്കുന്നത്. മരുഭൂമിയിലെ പരിസ്ഥിതിയും സൗദി പൈതൃകവും സമന്വയിക്കുന്നതാണ് ട്രെയിനിന്റെ ഇൻറീരിയർ ഡിസൈൻ. മണൽ നിറവും ആഡംബര വസ്ത്രങ്ങളും മികച്ച കരകൗശല വിശദാംശങ്ങളുമായി സമന്വയിക്കുന്നു. അലങ്കാരങ്ങളും ലിഖിതങ്ങളും മദാഇൻ സാലിഹ്, അൽഉല, ഹാഇൽ എന്നിവയുൾപ്പെടെ സൗദിയുടെ വിവിധ പ്രദേശങ്ങളിലെ പരമ്പരാഗത വാസ്തുവിദ്യയുടെ ഘടകങ്ങളെല്ലാം ഇതിൽ ഉൾച്ചേരുന്നു.
ആധുനികവും ആഡംബര പൂർണവുമായ രൂപത്തിൽ രാജ്യത്തിന്റെ ആധികാരികതയെ പ്രതിഫലിപ്പിക്കുന്ന ഒരു ദൃശ്യ-സാംസ്കാരിക അനുഭവമാക്കി തീവണ്ടിയെ മാറ്റും. 34 ആഡംബര സ്യൂട്ടുകൾ അടങ്ങുന്ന 14 ബോഗികളാണ് ട്രെയിനിലുള്ളത്. യാത്രക്കാർ അതിഥികളാവുന്ന ട്രയിനിൽനിന്ന് അവർക്ക് അതുല്യമായ അനുഭവം ലഭിക്കും. ആതിഥ്യ മര്യാദയുടെ ഊഷ്മളതയും അതുല്യമായ രൂപകൽപ്പനയും ചേർന്ന് ഉന്നത നിലവാരം പ്രതിഫലിപ്പിക്കുന്ന ഒരു മൊബൈൽ ലക്ഷ്വറി ഡെസ്റ്റിനേഷനായിരിക്കും ട്രെയിൻ.
റിയാദ് നഗരത്തിൽനിന്ന് ആരംഭിക്കുന്ന വടക്കൻ റെയിൽവേ ശൃംഖലയിലൂടെയാണ് ഈ ട്രെയിൻ സർവിസ് നടത്തുക. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക കേന്ദ്രങ്ങളും പ്രകൃതിദത്ത ലാൻഡ്മാർക്കുകളും കാണാൻ യാത്രക്കാർക്ക് ഇതിലൂടെ അവസരമുണ്ടാകും. സാംസ്കാരിക മന്ത്രാലയം യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്താൻ സമ്പന്നമായ കലാസാംസ്കാരിക പരിപാടികൾ ട്രെയിനുള്ളിൽ അവതരിപ്പിക്കും. ഡെവലപ്മെന്റ് അതോറിറ്റി സപ്പോർട്ട് സെന്റർ, സൗദി ടൂറിസം അതോറിറ്റി എന്നിവയുടെ ഏകോപനത്തിൽ വികസിപ്പിച്ചെടുത്ത അതുല്യമായ ടൂറിസം പരിപാടികളുമുണ്ടാകും.
അഭൂതപൂർവമായ രീതിയിൽ സൗദി പൈതൃകത്തിന്റെ ഹൃദയത്തിലേക്ക് യാത്രക്കാരെ എത്തിക്കുന്ന ഒരു സംയോജിത അനുഭവം ഇത് ഉറപ്പാക്കും. ആർക്കിടെക്റ്റും ഇന്റീരിയർ ഡിസൈനറുമായ അലിൻ അസ്മർ ദമനും കൾച്ചർ ഇൻ ആർക്കിടെക്ചർ സ്റ്റുഡിയോയും ചേർന്ന് രൂപകൽപ്പന ചെയ്ത ട്രെയിനിന്റെ ഇന്റീരിയർ ഡിസൈൻ രാജ്യത്തിന്റെ ആത്മാവ് പ്രതിഫലിപ്പിക്കുന്നതായിരിക്കും.
പരമ്പരാഗത സൗദി മജ്ലിസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകൽപ്പന ചെയ്ത ആഡംബര സ്വീകരണ ഹാളുകൾ ട്രെയിനിലുണ്ടാവും. ആധികാരിക സൗദി ആതിഥ്യ മര്യാദയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന പൗരാണികവും ആധുനികവുമായ കൊത്തുപണികളുള്ള തൂണുകളും ചുവരുകളും ഫർണിച്ചറുകളും കൊണ്ട് ഹാളിനെ അലങ്കരിക്കും. ചാരുതയും പൈതൃക സ്വഭാവവും സമന്വയിപ്പിക്കുന്ന അന്തരീക്ഷമായിരിക്കും റസ്റ്റാറൻറ് ബോഗിയിൽ. പ്രമുഖ പാചകക്കാരുടെ ഒരു ഉന്നത സംഘമാണ് ഭക്ഷണമൊരുക്കുക. രാജ്യത്തിന്റെ സാംസ്കാരികവും പ്രകൃതിദത്തവുമായ അടയാളങ്ങൾ ഉയർത്തിക്കാട്ടുന്ന കലാസൃഷ്ടികളുടെയും ഫോട്ടോഗ്രാഫുകളുടെയും ഒരു ശേഖരം ബോഗികളുടെ ഇടനാഴികളുടെ ചുവരുകളിൽ പ്രദർശിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.