മൃഗങ്ങളെ പീഡിപ്പിക്കുന്നവരെ പിടികൂടാൻ മിന്നൽ പരിശോധന
text_fieldsറിയാദ്: വളർത്തുമൃഗങ്ങളെ വളർത്തുന്നതിനും പരിപാലിക്കുന്നതിനും ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിച്ച നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി. മൃഗങ്ങളെ പീഡിപ്പിക്കുന്നവരെ പിടികൂടാൻ റിയാദിൽ നടത്തിയ മിന്നൽ പരിശോധനയിലാണിത്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിപ്പിച്ച 130 വളർത്തുമൃഗങ്ങളെ പിടികൂടുകയും മൃഗങ്ങളെ ചികിത്സിക്കാൻ ഉപയോഗിച്ച കാലഹരണപ്പെട്ടതും അസാധുവായതുമായ ധാരാളം മരുന്നുകൾ പരിശോധനയിൽ കണ്ടെടുക്കുകയും ചെയ്തു.
മൃഗങ്ങളെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങളും പരിശോധന സംഘങ്ങൾ നിരീക്ഷിച്ചു. മൃഗങ്ങൾക്ക് മതിയായതും അനുയോജ്യവുമായ ഭക്ഷണം നൽകാതിരിക്കുക, അസുഖമുള്ള മൃഗങ്ങളെ ചികിത്സിക്കുന്നതിലും ആവശ്യമായ വെറ്ററിനറി പരിചരണം നൽകാത്തതിലും അശ്രദ്ധ കാണിക്കുക, പാർപ്പിടത്തിന് അനുയോജ്യമായ ഒരു അന്തരീക്ഷം ഒരുക്കാതിരിക്കുക, മൃഗങ്ങളെ ആരോഗ്യകരവും പാരിസ്ഥിതികവുമായ അപകടങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയവ കണ്ടെത്തിയതിലുൾപ്പെടും.
സ്റ്റോറുകളും വെറ്ററിനറി ക്ലിനിക്കുകളും ഉൾപ്പെടെ മൃഗങ്ങളുമായി ഇടപഴകുന്ന സ്ഥാപനങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് മൃഗക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും അവയുടെ സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള വിപുല കാമ്പയിന്റെ ഭാഗമാണ് മിന്നൽ പരിശോധന. മന്ത്രാലയത്തിൽനിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ പെറ്റ് സേവനങ്ങൾ നൽകുന്ന വീടുകളും വിശ്രമകേന്ദ്രങ്ങളും പരിശോധിച്ചതിലുൾപ്പെടും.
ജി.സി.സി രാജ്യങ്ങൾക്കായുള്ള മൃഗക്ഷേമ സംവിധാനത്തിനും എക്സിക്യൂട്ടിവ് ചട്ടങ്ങൾക്കും അനുസൃതമായി മൃഗസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ കാമ്പയിൻ വരുന്നതെന്ന് റിയാദ് പരിസ്ഥിതി ഓഫിസ് സൂചിപ്പിച്ചു.
മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ധാർമികവും മാനുഷികവുമായ പ്രതിബദ്ധതയിൽ രാജ്യത്തെ ആഗോള മാതൃകയാക്കാൻ ശ്രമിക്കുന്ന മന്ത്രാലയത്തിന്റെ ദർശനത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുമാണ്. ഇത്തരം ലംഘനങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്കെതിരെ കാർഷിക നിയമത്തിൽ അനുശാസിക്കുന്ന കർശനമായ പിഴകൾ നടപ്പാക്കാൻ മന്ത്രാലയം മടിക്കില്ലെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.