അറബി ഭാഷാപഠനവും അധ്യാപനവും മെച്ചപ്പെടുത്താൻ നിർമിത ബുദ്ധി
text_fieldsജുബൈൽ: അറബി ഭാഷാപഠനവും അധ്യാപന രീതികളും മെച്ചപ്പെടുത്താൻ സൗദിയിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പ്രയോജനപ്പെടുത്തുന്നു. ആധുനിക ജീവിതത്തിൽ സാങ്കേതികവിദ്യകളുടെ വർധിച്ചുവരുന്ന പ്രാധാന്യം കണക്കിലെടുത്താണിത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് അറബി ഭാഷ പഠിക്കാനും ഉപയോഗിക്കാനും സഹായിക്കുന്നതിന് നിഘണ്ടുകളുടെയും പ്രോഗ്രാമുകളുടെയും വികസനത്തിൽ സഹായിക്കുകയാണ് നിർമിത ബുദ്ധി ചെയ്യുന്നത്. കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജിന്റെ നേതൃത്വത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്. ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, പഠിപ്പിക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ സാങ്കേതിക ഉപകരണങ്ങൾ വിതരണം ചെയ്യുക എന്നിവയിലൂടെ അക്കാദമിയെ ആഗോള റഫറൻസ് റിസോഴ്സായി മാറ്റുകയാണ് ലക്ഷ്യം.
വിഷൻ 2030ന്റെ മനുഷ്യശേഷി വികസന പരിപാടിയുടെ അനുബന്ധമായാണ് പദ്ധതി നടപ്പാക്കുന്നത്. അറബി ഭാഷയുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിൽ സാങ്കേതിക ഗവേഷണത്തിന്റെ വേഗം ത്വരിതപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അക്കാദമിയുടെ തന്ത്രത്തിന്റെ ഭാഗമാണ്.
ഇതു മനസ്സിലാക്കാൻ സഹായിക്കുന്നതിന് നിർമിത ബുദ്ധി ഉപയോഗിക്കും. ഭാഷകൾ പഠിപ്പിക്കുന്നതിലും പഠിക്കുന്നതിലും നിർമിത ബുദ്ധി ഒരു പ്രധാന സഹായിയായി മാറിക്കഴിഞ്ഞു. വിദ്യാർഥികൾക്ക് അവരുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ അറബി പഠിക്കാൻ അനുവദിക്കുന്ന ഒന്നിലധികം പഠന പാറ്റേണുകൾ ഉൾപ്പെട്ടതാണ് അൽ-വാഷ്മി ആപ്ലിക്കേഷൻ.
ഭാഷ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന മേഖലക്കൊപ്പം ഏറ്റവും മെച്ചപ്പെട്ട അധ്യാപനത്തിന്റെ രൂപവും നിലവാരവും കുട്ടികൾക്ക് തിരഞ്ഞെടുക്കാം. ഓരോ വിദ്യാർഥിയുടെയും പഠനാനുഭവം അവരുടെ പ്രത്യേക ആവശ്യങ്ങൾക്ക് അനുകൂലമാക്കാനും ബലഹീനതകൾ കണ്ടെത്തി ശക്തിപ്പെടുത്താനും നിർമിത ബുദ്ധി സഹായിക്കുമെന്ന് കിങ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ് സെക്രട്ടറി ജനറൽ അബ്ദുല്ല അൽ വാഷ്മി പറഞ്ഞു. സ്മാർട്ട് ഡയലോഗ് സംവിധാനങ്ങളിലൂടെ സംസാരിക്കുന്നതിനും കേൾക്കുന്നതിനുമുള്ള കഴിവ് വർധിപ്പിക്കാൻ നിർമിത ബുദ്ധി സഹായിക്കും.
വിഷയങ്ങൾ സംഗ്രഹിക്കുക, വിവർത്തനം ചെയ്യുക, തിരച്ചിലുകൾ വേഗത്തിലാക്കുക, വഞ്ചന, കോപ്പിയടി, കിംവദന്തികൾ, വിദ്വേഷ സംഭാഷണങ്ങൾ എന്നിവ തിരിച്ചറിയുക, ചോദ്യങ്ങൾക്ക് ഉത്തരം നൽകുക, മറ്റു ഭാഷ മേഖലകൾ പര്യവേക്ഷണം ചെയ്യുക എന്നിവയൊക്കെ ഇതിലൂടെ സാധിക്കുന്നു. അറബി ഭാഷ കൂടുതൽ ആവേശകരവും ആസ്വാദ്യകരവുമാക്കുന്നതിന് വെർച്വൽ ലോകം ധാരാളം അവസരങ്ങൾ നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.