ഏഷ്യാപസഫിക്-പശ്ചിമേഷ്യൻ എയർപോർട്ട് കൗൺസിൽ ഇൻറർനാഷനലിന്റെ ആദ്യ ഓഫിസ് റിയാദിൽ
text_fieldsജിദ്ദ: ഏഷ്യാപസഫിക്കിലെയും പശ്ചിമേഷ്യയിലെയും എയർപോർട്ട് കൗൺസിൽ ഇൻറർനാഷനലിന്റെ ആദ്യ ഓഫിസ് റിയാദിൽ പ്രവർത്തനമാരംഭിച്ചു. 49 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് ഏഷ്യാപസഫിക് മേഖലയിലെയും പശ്ചിമേഷ്യയിലെയും 49 രാജ്യങ്ങളിലെ എയർപോർട്ടുകളുടെ കൂട്ടായ്മയാണ് ഇത്. കൗൺസിൽ അംഗങ്ങൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത ചടങ്ങിൽ സൗദി ഗതാഗത-ലോജിസ്റ്റിക് സർവിസ് മന്ത്രിയും സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജി. സാലിഹ് അൽജാസറാണ് ഓഫിസ് ഉദ്ഘാടനം ചെയ്തത്.
കൗൺസിലിന്റെ ആദ്യ ഓഫിസ് റിയാദിൽ ആരംഭിക്കാൻ കഴിഞ്ഞത് അന്താരാഷ്ട്ര സംഘടനകളിൽ സൗദി വഹിക്കുന്ന ഉയർന്ന പദവിയുടെയും വ്യോമയാന വ്യവസായത്തിൽ രാജ്യത്തിനുള്ള സുപ്രധാന പങ്കിന്റെയും ഫലമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. സൽമാൻ രാജാവ്, കിരീടാവകാശി എന്നിവരിൽനിന്നും ഗതാഗത, ലോജിസ്റ്റിക് സേവന സംവിധാനത്തിന് ലഭിക്കുന്ന പരിധിയില്ലാത്ത പിന്തുണ മന്ത്രി സൂചിപ്പിച്ചു. റിയാദിൽ ഓഫിസ് തുറക്കുന്നത് ഈ രംഗത്തെ തുടർച്ചയായ വിജയങ്ങളുടെ വിപുലീകരണമാണ്.
പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ വ്യോമഗതാഗത വ്യവസായത്തെ പിന്തുണക്കുന്നതിൽ സൗദിയുടെ സുപ്രധാന പങ്കിനെയും അതിന്റെ വിപുലമായ ശ്രമങ്ങളെയും ഇത് പ്രതിഫലിപ്പിക്കുന്നു. ഈ ഓപണിങ് വ്യോമഗതാഗത വിപണിയിലെ അവസരങ്ങളുടെ ചക്രവാളങ്ങൾ വികസിപ്പിക്കുന്നതിനും വേൾഡ് കൗൺസിലിൽ അംഗങ്ങളായ വിമാനത്താവളങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും സഹായിക്കും.
ദേശീയ ഗതാഗത-ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും 2030ഓടെ 250 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരുകയും പ്രതിവർഷം 33 കോടി യാത്രക്കാരെ എത്തിക്കുകയും ചെയ്ത് ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള എയർ കണക്ടിവിറ്റി വർധിപ്പിക്കാനും ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.ഏഷ്യ, പസഫിക്, പശ്ചിമേഷ്യ മേഖലകളിലെ ആദ്യത്തെ എയർപോർട്ട് കൗൺസിൽ ഇൻറർനാഷനൽ ഓഫിസ് റിയാദിൽ ഉദ്ഘാടനം ചെയ്തത് ‘വിഷൻ 2030’ ഗതാഗതത്തിനും ലോജിസ്റ്റിക്സിനുമുള്ള ദേശീയ തന്ത്രത്തിനും അനുസൃതമായി ആഗോള വ്യോമയാന മേഖലയിലെ രാജ്യത്തിന്റെയും പശ്ചിമേഷ്യൻ മേഖലയുടെയും സൗദിയുടെ നേതൃത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി അബ്ദുൽ അസീസ് അൽദുവൈലെജ് പറഞ്ഞു.
പശ്ചിമേഷ്യയെ ഉൾപ്പെടുത്തി എയർപോർട്ട് കൗൺസിൽ ഇൻറർനാഷനൽ വിപുലീകരിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പശ്ചിമേഷ്യൻ മേഖലയുടെ ആഗോള വളർച്ചക്കും വിവിധ മേഖലകളിലെ അവസരങ്ങൾക്കും സാക്ഷ്യംവഹിക്കുന്നുണ്ടെന്നും വ്യോമയാനം ആ മേഖലകളിലൊന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യൻ വിമാനത്താവളങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1991ലാണ് ഏഷ്യാപസഫിക്-പശ്ചിമേഷ്യൻ മേഖലകളിലെ ഇൻറർനാഷനൽ എയർപോർട്ട് കൗൺസിൽ സ്ഥാപിതമായത്. 49 രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് 131 അംഗങ്ങളുള്ള കൗൺസിലിന്റെ പ്രവർത്തനപരിധിയിൽ ഏഷ്യാപസഫിക്, പശ്ചിമേഷ്യ എന്നിവിടങ്ങളിലായി 617 വിമാനത്താവളങ്ങൾ ഉൾപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.