മലയാളി പ്രഫസർക്ക് യുവ ഗവേഷകനുള്ള രാജ്യാന്തര ബഹുമതി
text_fieldsഖമീസ് മുശൈത്ത്: സൗദി സർവകലാശാലയിലെ മലയാളി അധ്യാപകന് യുവ ഗവേഷകനുള്ള രാജ്യാന്തര ബഹുമതി. ഈ വർഷത്തെ യുവ ഗവേഷകനുള്ള ഈജിപ്ത് മാത്തമറ്റിക്സ് സൊസൈറ്റിയുടെ 'ഇബാദ പ്രൈസി'നാണ് വാദി ദവാസിർ അമീർ സത്താം ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ പ്രഫസറും മലയാളിയുമായ ഡോ. നിസാർ അർഹനായത്.
ആഫ്രിക്കൻ മേഖലയിലെ പ്രശസ്തമായ ഈ അവർഡിന് അർഹനായ ഡോ. നിസാർ വയനാട് മാനന്തവാടി ആറാം മൈൽ കോട്ടക്കാരൻ വിട്ടിൽ സൂപ്പി, അലീമ ദമ്പതികളുടെ മകനാണ്. 2020-2021 കാലത്ത് ഇദ്ദേഹം പ്രസിദ്ധീകരിച്ച മുന്നൂറിലധികം പ്രബന്ധങ്ങൾ പരിഗണിച്ചാണ് ഈ അവാർഡിന് തെരഞ്ഞെടുത്തത്. കോവിഡ് വൈറസ് മോഡലിൽ 15ലധികം പ്രബന്ധങ്ങൾ അടക്കം ഇദ്ദേഹം അഞ്ഞൂറിലധികം പ്രബന്ധങ്ങൾ പ്രസദ്ധീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏഴ് വർഷമായി അമീർ സത്താം ബിൻ അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിൽ മുഴുവൻ സമയ പ്രഫസറായ ഡോ. നിസാർ മാത്തമാറ്റിക്കൽ മോഡലിങ്, ഫ്ലൂയിഡ് ഡയനാമിക്സ്, എനർജി എന്നീ മേഖലകളിലാണ് ഇപ്പോൾ ഗവേഷണം നടത്തുന്നത്. യൂനിവേഴ്സിറ്റിയിലെ ഏറ്റവും നല്ല ഗവേഷകനുള്ള അവാർഡ് കഴിഞ്ഞ വർഷം ഇദ്ദേഹം നേടിയിരുന്നു. യുവ ഗവേഷകനായ ഇദ്ദേഹം ഇതുവരെ 10ലധികം ജേർണലുകളുടെ എഡിറ്റോറിയൽ ബോർഡുകളിൽ അംഗമായിട്ടുണ്ട്.
കഴിഞ്ഞ വർഷത്തെ യുവ ഗവേഷകനുള്ള റിമ്മാൻ യങ് റിസർച്ച് അവാർഡും ഡോ. നിസാറിനെ തേടിയെത്തിയിരുന്നു. കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്നും ബിരുദവും അലിഗഢ് യൂനിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ബിരുദം ഒന്നാം റാങ്കോടെയും കരസ്ഥമാക്കി. അലിഗഢിൽ നിന്ന് തന്നെ അപ്ലൈഡ് മാത്തമറ്റിക്സിൽ ഡോക്ടറേറ്റ് ഇദ്ദേഹം കരസ്ഥമാക്കിയിരുന്നു. ഭാര്യ: കോറംനങ്ങാരത്ത് വീട്ടിൽ ജാസ്മിൻ, മക്കൾ: നമീർ, നൈല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.