ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കാൻ അന്താരാഷ്ട്ര സഖ്യം; സ്വാഗതം ചെയ്ത് സൗദി മന്ത്രിസഭ
text_fieldsറിയാദ്: ഫലസ്തീൻ പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യം ആരംഭിച്ചതിനെ സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന യോഗമാണ് അറബ്, ഇസ്ലാമിക്, യൂറോപ്യൻ യൂനിയൻ രാജ്യങ്ങൾ സഖ്യമാകുന്ന തീരുമാനത്തെ സ്വാഗതം ചെയ്തത്.
മധ്യപൗരസ്ത്യ മേഖലയിലെയും ലോകത്തെയും മൊത്തത്തിലുള്ള സംഭവ വികാസങ്ങളെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രാദേശിക, അന്തർദേശീയ കൂടിക്കാഴ്ചകളുടെ ഫലങ്ങളെക്കുറിച്ചും മന്ത്രിസഭ ചർച്ച ചെയ്തു.
യു.എൻ ജനറൽ അസംബ്ലിയുടെ 79ാം സെഷനിൽ സൗദി പ്രതിനിധി സംഘം പങ്കെടുത്തതിന്റെ ഫലങ്ങളെ മന്ത്രിസഭ പ്രശംസിച്ചു. അറബ് പ്രശ്നങ്ങളിൽ സൗദിയുടെ സ്ഥാപിത തത്വങ്ങളും ഉറച്ച നിലപാടുകളും പ്രതിഫലിപ്പിക്കുന്നതും ആഗോള സമാധാനവും സുരക്ഷയും സ്ഥാപിക്കലിലും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ബഹുമുഖ പ്രവർത്തനത്തിന് നൽകുന്ന പിന്തുണ വെളിപ്പെടുത്തുന്നതുമാണ് ഇതെന്ന് യോഗം വിലയിരുത്തി.
അറബ്-ഇസ്ലാമിക് മന്ത്രിതല സംയുക്ത സമിതി, നോർവേ, യൂറോപ്യൻ യൂനിയൻ എന്നീ ചേരിയിൽ മുഖ്യപങ്കാളിയായി സൗദി അറേബ്യ ‘ദ്വിരാഷ്ട്ര പരിഹാരം’ നടപ്പാക്കുന്നതിനുള്ള അന്താരാഷ്ട്ര സഖ്യം’ ആരംഭിക്കാൻ മുൻകൈയ്യെടുത്തത് സുപ്രധാന നീക്കമാണെന്ന് മന്ത്രിസഭ ഒന്നടങ്കം അഭിപ്രായപ്പെട്ടു.
കിഴക്കൻ ജറുസലേം തലസ്ഥാനമായി 1967ലെ അതിർത്തി അടിസ്ഥാനമാക്കി ഒരു സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നതാണ് സൗദി അറേബ്യയുടെ എക്കാലത്തെയും ഉറച്ച നിലപാടെന്നും അതിലുള്ള രാഷ്ട്രത്തിന്റെ പ്രതിബദ്ധത ആവർത്തിച്ച് പ്രഖ്യാപിക്കുകയാണെന്നും മന്ത്രിസഭായോഗം വ്യക്തമാക്കി.
നടക്കുന്ന യുദ്ധവും അന്താരാഷ്ട്ര നിയമങ്ങൾക്കെതിരായ എല്ലാ ലംഘനങ്ങളും ഉടൻ അവസാനിപ്പിക്കണമെന്നും സമാധാന ശ്രമങ്ങൾ തടസ്സപ്പെടുത്തുന്ന എല്ലാവരെയും ഉത്തരവാദികളാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ഫലസ്തീൻ സഹോദരങ്ങൾക്ക് പ്രതിമാസ സാമ്പത്തിക സഹായം നൽകാനും ലബനാനിലെ ജനങ്ങൾക്ക് ചികിത്സയും ദുരിതാശ്വാസ സഹായം നൽകാനുമുള്ള രാജ്യത്തിന്റെ പ്രഖ്യാപനം മന്ത്രിസഭായോഗം സ്ഥിരീകരിച്ചു.
ഗസ്സയിലെയും ചുറ്റുപാടുകളിലെയും മാനുഷിക സാഹചര്യത്തെ അഭിസംബോധന ചെയ്യുന്നതിനും ലബനാനിലെ നിലവിലെ സംഭവങ്ങളുടെ പ്രത്യാഘാതങ്ങളെ അഭിമുഖീകരിക്കുന്നതിനുമുള്ള ചട്ടക്കൂടിനുള്ളിലാണ് ഈ സഹായ പ്രഖ്യാപനം.
വെല്ലുവിളികളും ഭീഷണികളും പെരുകിക്കൊണ്ടിരിക്കുന്ന, ലോകമെമ്പാടും വർധിച്ചുവരുന്ന സംഘർഷങ്ങളുടെയും പ്രതിസന്ധികളുടെയും വെളിച്ചത്തിൽ യു.എൻ രക്ഷാകൗൺസിലിന്റെ വിശ്വാസ്യതയും പ്രതികരണശേഷിയും വർധിപ്പിക്കുന്നതിന് നവീകരണ പ്രക്രിയ ത്വരിതപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
ഈ വർഷം ഡിസംബറിൽ റിയാദിൽ നടക്കാനിരിക്കുന്ന മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള സമ്മേളനത്തിൽ അന്താരാഷ്ട്ര പങ്കാളിത്തത്തിനുള്ള രാജ്യത്തിന്റെ ആഗ്രഹം മന്ത്രിസഭ പ്രകടിപ്പിച്ചു.
സാമൂഹികോദ്ധാരണത്തിനുള്ള പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി ‘റിയാദ് നോൺ പ്രോഫിറ്റ് ഫൗണ്ടേഷൻ’ ആരംഭിക്കുന്നത് സംബന്ധിച്ച് കിരീടാവകാശിയുടെ പ്രഖ്യാപനത്തെ യോഗം ഒന്നടങ്കം ആശീർവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.