‘മദ്ഹബുകൾക്കിടയിൽ പാലം പണിയുക’; അന്താരാഷ്ട്ര സമ്മേളനത്തിന് മക്കയിൽ തുടക്കം
text_fieldsമക്ക: ഇസ്ലാമിലെ വിവിധ കർമശാസ്ത്ര സരണികളെ പിൻപറ്റുന്ന വിഭാഗങ്ങൾക്കിടയിൽ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ‘ഇസ്ലാമിക മദ്ഹബുകൾക്കിടയിൽ പാലങ്ങൾ പണിയുക’ എന്ന പേരിൽ മക്കയിൽ അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം. മുസ്ലിം വേൾഡ് ലീഗാണ് രണ്ട് ദിവസത്തെ ഈ സമ്മേളനത്തിന്റെ സംഘാടകർ. ഞായറാഴ്ച വൈകീട്ടായിരുന്നു ഉദ്ഘാടനം. വിവിധ മദ്ഹബുകളുടെ (വിഭാഗങ്ങളുടെ) പ്രതിനിധികളും പണ്ഡിതന്മാരും ചിന്തകന്മാരും പങ്കെടുക്കുന്നുണ്ട്. ഇസ്ലാം ഐക്യത്തിന്റെ മതമാണെന്നും അത് യോജിപ്പാണ് കൽപ്പിക്കുന്നതെന്നും, ഭിന്നിപ്പിനും അഭിപ്രായ വ്യത്യാസത്തിനുമെതിരെ മുന്നറിയിപ്പ് നൽകുന്നുവെന്നും സ്വാഗത പ്രസംഗത്തിൽ സൗദി ഗ്രാൻഡ് മുഫ്തിയും മുസ്ലിം വേൾഡ് ലീഗ് സുപ്രീം കൗൺസിൽ പ്രസിഡൻറുമായ ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ് പറഞ്ഞു. ഭിന്നിപ്പിനും വിയോജിപ്പിനുമെതിരെ അദ്ദേഹം ശക്തമായ മുന്നറിയിപ്പ് നൽകി. മുസ്ലിംകൾക്കിടയിലെ വിടവുകൾ കൂട്ടിയോജിപ്പിക്കുന്നതും അവർക്കിടയിൽ വിദ്വേഷവും പകയും ഉണ്ടാക്കുന്ന എല്ലാ കാരണങ്ങളും ഇല്ലാതാക്കുന്നതുമാണ് പ്രവാചക ചര്യയെന്നും ഗ്രാൻഡ് മുഫ്തി സൂചിപ്പിച്ചു.
ഇസ്ലാമിക വിഭാഗങ്ങൾ തമ്മിലുള്ള സഹകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന പൊതുതത്ത്വങ്ങൾ ശക്തിപ്പെടുത്തൽ, വിഭാഗീയ വൈവിധ്യത്തിന്റെയും വ്യത്യസ്ത മര്യാദകളുടെയും തത്ത്വങ്ങൾ ഏകീകരിക്കൽ എന്നിവയാണ് സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നത്. സമ്മേളനത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും മുസ്ലിംവേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ ഈസ വിശദീകരിച്ചു. ഈ സമ്മേളനം ശോഭയുള്ള ഭൂവടയാളങ്ങളും പ്രധാനപ്പെട്ട മാർഗനിർദേശങ്ങളും ബാക്കിയാക്കുമെന്നും അൽഈസ പറഞ്ഞു. വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും പാലങ്ങൾ രൂപപ്പെടണം. ഇസ്ലാമിൽ എല്ലാവരും അവരുടെ വ്യത്യസ്ത മദ്ഹബുകൾക്കപ്പുറം ഒറ്റ കൊടിക്കീഴിലും കുടക്കീഴിലുമാണ്. വിഭജിക്കുന്നതും പിളർത്തുന്നതുമായ പേരുകൾക്കും വിവരണങ്ങൾക്കും അതിൽ സ്ഥാനമില്ല. വിഭാഗീയവും പക്ഷപാതപരവുമായ മുദ്രാവാക്യങ്ങളാണ് സംഘട്ടനങ്ങളും വിഭാഗീയതയും ഉണ്ടാക്കുന്നത്. സാമൂഹിക ദുരന്തങ്ങളുടെ മുൻനിരയിൽ ഇത്തരം കാര്യങ്ങളാണ് -അദ്ദേഹം മുന്നറിയിപ്പ് നൽകി.
സമ്മേളനം ഇസ്ലാമിക മദ്ഹബുകൾ തമ്മിലുള്ള സൗഹൃദം സ്ഥാപിക്കുന്നതാകുമെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം താഹ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സമ്മേളനത്തിന്റെ പ്രമേയങ്ങളും ബാക്കിപത്രവും അനുരഞ്ജനത്തെ അടിസ്ഥാനമാക്കിയുള്ള തത്ത്വങ്ങൾ സ്ഥാപിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ലീഡർഷിപ് കൗൺസിൽ ഓഫ് എക്സ്പെർട്ട്സ് അംഗം ആയത്തുല്ല ശൈഖ് അഹമ്മദ് മുബ്ലഗി, ഈജിപ്തിലെ സുപ്രീം കൗൺസിൽ ഫോർ ഇസ്ലാമിക് അഫയേഴ്സ് ചെയർമാൻ ഡോ. മുഹമ്മദ് മുഖ്താർ ജുമുഅ മബ്റൂക്ക്, ഇന്തോനേഷ്യയിലെ നഹ്ദത്തുൽ ഉലമ അസോസിയേഷൻ ജനറൽ പ്രസിഡൻറ് ശൈഖ് മിഫ്താഹ് അൽ അഖ്യാർ അബ്ദുൽ ഗനി, പാകിസ്താൻ ഇസ്ലാമിക പണ്ഡിത അസോസിയേഷൻ അമീർ ശൈഖ് ഫസ്ലുറഹ്മാൻ ബിൻ മുഫ്തി മഹ്മൂദ്, തുർക്കി മതകാര്യ മേധാവി ഡോ. അലി ബിൻ അബ്ദുറഹ്മാൻ അർബാസ്, ഇറാഖിലെ ഇമാം അൽഖാഈ വിജ്ഞാനഭവൻ തലവൻ ഡോ. ജവാദ് അൽഖാഈ, ആഫ്രിക്കൻ ഇസ്ലാമിക് യൂനിയൻ പ്രസിഡൻറ് ശൈഖ് മുഹമ്മദ് അൽമാഹി ബിൻ ശൈഖ് ഇബ്രാഹിം നിയാസ്, മലേഷ്യൻ സ്കോളേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
സമ്മേളന ആശയത്തിന് ശക്തിപകരാൻ മുസ്ലിം വേൾഡ് ലീഗും ഒ.ഐ.സിയും തമ്മിൽ ധാരണപത്രം ഒപ്പുവെക്കുകയും ചെയ്തു. പഠന ഗവേഷണത്തിൽ സഹകരണം വർധിപ്പിക്കുന്നതിനും സഹിഷ്ണുതയുടെയും മിതത്വത്തിന്റെയും സംസ്കാരം പ്രചരിപ്പിക്കുന്നതിനും ഇസ്ലാമിക ഐക്യം ശക്തിപ്പെടുത്തുന്നതിനുമാണ് മുസ്ലിം വേൾഡ് ലീഗിന് കീഴിലെ ഇസ്ലാമിക് ഫിഖ്ഹ് കൗൺസിലും ഒ.ഐ.സിക്കുകീഴിലെ ഫിഖ്ഹ് കൗൺസിലും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.