ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക്
text_fieldsജിദ്ദ: ഗസ്സയിൽ ഫലസ്തീൻജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രൂരമായ വംശഹത്യ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്താൻ അറബ് പാർലമെന്റിന്റെയും ഈജിപ്ഷ്യൻ ജനപ്രതിനിധി സഭയുടെയും സംയുക്ത സമിതി രൂപവത്കരിച്ചു. അറബ് പാർലമെൻറ് സ്പീക്കർ ആദിൽ ബിൻ അബ്ദുറഹ്മാൻ അൽഅസൂമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ഇസ്രായേൽ ലംഘനങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ചേർന്ന അറബ് പാർലമെന്റിന്റെയും ത്വാരിഖ് റിദ്വാന്റെ നേതൃത്വത്തിലുള്ള ഈജിപ്ഷ്യൻ പ്രതിനിധിസഭക്ക് കീഴിലെ മനുഷ്യാവകാശ സമിതിയുടെയും സംയുക്തയോഗമാണ് ഈ തീരുമാനമെടുത്തത്.
യുദ്ധക്കുറ്റം ചൂണ്ടിക്കാട്ടി ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ പോകുമെന്ന് സമിതി അറിയിച്ചു. പ്രാദേശിക, അന്തർദേശീയതലങ്ങളിൽ ‘അറബ് ജനതയുടെ പേരിൽ’ ഇസ്രായേലിനെതിരെ നടപടിയെടുക്കാനും മനുഷ്യത്വരഹിതമായ കുറ്റകൃത്യങ്ങളുടെ ഡോക്യുമെന്ററി റിപ്പോർട്ടുകളും തെളിവുകളും നൽകാനും ശ്രമിക്കും. യു.എൻ സെക്യൂരിറ്റി കൗൺസിൽ, ഇൻറർനാഷനൽ ക്രിമിനൽ കോടതി, മനുഷ്യാവകാശ കൗൺസിൽ എന്നിവയുടെ അധികാരികൾക്ക് ഇവ സമർപ്പിക്കും.
കുറ്റവാളികളെ വിചാരണ ചെയ്യിക്കുന്നതിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനും ഇത് സ്ഥിരം സമിതിയായി പ്രവർത്തിക്കുമെന്നും അറബ് പാർലമെൻറ് സ്പീക്കർ പറഞ്ഞു. സിവിലിയന്മാർക്കും ആശുപത്രികൾക്കും സ്കൂളുകൾക്കുമെതിരായ ക്രൂരമായ ആക്രമണങ്ങളെ നേരിടാൻ ഏകീകൃത അറബ് പാർലമെൻററി കാഴ്ചപ്പാടിലൂടെയാണ് ഈ നീക്കം.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ അന്താരാഷ്ട്രസമൂഹം പുലർത്തുന്ന മൗനത്തിലും ലോക മനഃസാക്ഷി ഉണരാത്തതിലും അറബ് ലീഗ് സ്പീക്കർ അത്ഭുതം പ്രകടിപ്പിച്ചു. റഫ അതിർത്തി സന്ദർശിക്കാനും ഈജിപ്തിലേക്ക് ചികിത്സ തേടിയെത്തിയ പരിക്കേറ്റ ഫലസ്തീനികളെ സന്ദർശിക്കാനും അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. ഫലസ്തീനിലെ സഹോദരങ്ങളെ പിന്തുണക്കാൻ ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസീസിയുടെ നേതൃത്വത്തിൽ ഈജിപ്ത് നടത്തുന്ന ശ്രമങ്ങളെ അറബ് പാർലമെൻറ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.