സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിൽ വംശീയത വലിയ പങ്കുവഹിക്കുന്നു -ജി.സി.സി
text_fieldsജുബൈൽ: സമൂഹത്തിലും രാജ്യങ്ങൾക്കിടയിലും സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിൽ വംശീയത പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് അൽഹജ്‌റഫ്. 'വംശീയത അവസാനിപ്പിക്കുക, സമാധാനം കെട്ടിപ്പടുക്കുക' എന്ന പ്രമേയത്തിൽ അന്താരാഷ്ട്ര സമാധാന ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഈ ദിനം ആഘോഷിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്കാളിത്തത്തെ ജി.സി.സി സ്വാഗതംചെയ്യുന്നു. ഇസ്ലാമിലെ സമാധാനം മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തുകയും അംഗരാജ്യങ്ങളുടെ നയങ്ങളിലും നിയമനിർമാണങ്ങളിലും സുസ്ഥിരത ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് സഹവർത്തിത്വത്തിന്റെയും ശാശ്വത സമാധാനത്തിന്റെയും നേട്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
യുദ്ധങ്ങൾ ഒഴിവാക്കാനും സംഘർഷങ്ങളും തീവ്രവാദവും നിരസിക്കാനും ഇസ്‌ലാം ആഹ്വാനം ചെയ്യുന്നു. മതങ്ങളെയും അവയുടെ വിശുദ്ധികളെയും അവഹേളിക്കുന്നതുമായി ബന്ധപ്പെട്ട വിദ്വേഷ പ്രസംഗം, വിഭാഗീയവും വംശീയവുമായ വിവേചനത്തെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങൾ എന്നിവ സംഘർഷങ്ങൾക്ക് ആക്കം കൂട്ടുന്നു. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാനും മിതത്വത്തിന്റെ സമീപനം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങൾ സ്വീകരിച്ച് ജി.സി.സി മുന്നോട്ടുപോകുന്നു. അന്താരാഷ്ട്ര നിയമസാധുതയുടെ അടിസ്ഥാനത്തിൽ സംഘർഷങ്ങൾക്ക് ശാശ്വതവും നീതിപൂർവകവുമായ പരിഹാരത്തിനുള്ള ശ്രമം നടത്തുന്നു.
സംഘർഷങ്ങളെ അഭിസംബോധന ചെയ്യുന്നതിനും സുസ്ഥിരതയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിനും ജനങ്ങൾക്ക് സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ അഭിവൃദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും നല്ല പരിശ്രമങ്ങൾ നടത്തുന്നു. രാഷ്ട്രങ്ങളും ജനങ്ങളും തേടുന്ന ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളിൽ ഒന്നായിരിക്കണം സമാധാനമെന്നും ഡോ. നായിഫ് ഫലാഹ് അൽഹജ്‌റഫ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.