അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം ആരംഭിച്ചു
text_fieldsജിദ്ദ: രാജ്യസുരക്ഷക്കും പ്രതിരോധത്തിനും ആവശ്യമായ യന്ത്രസാമഗ്രികളും ആയുധങ്ങളും സംബന്ധിച്ച് അറിവ് പകരുന്ന 'അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം 2022' സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ റിയാദിൽ ഉദ്ഘാടനം ചെയ്തു.
സൗദിയുടെ മിലിട്ടറി ഇൻഡസ്ട്രീസ് ജനറൽ അതോറിറ്റി ആതിഥേയത്വം വഹിക്കുന്ന പ്രദർശനമേളയുടെ ഒന്നാംപതിപ്പ് ഈ മാസം ആറു മുതൽ ഒമ്പതു വരെയാണ്. 42 രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് സൈനികോപകരണ നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന ലോകമെമ്പാടുമുള്ള 590ലധികം കമ്പനികൾ മേളയിൽ ആദ്യവസാനം അണിനിരക്കുന്നു.
പ്രതിരോധ, സുരക്ഷാ മേഖലയിലെ നിരവധി ദേശീയ സർക്കാർ ഏജൻസികളും സൈനിക, പ്രതിരോധ യന്ത്രസാമഗ്രികളുടെ വ്യവസായവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. മേളയുടെ ഉദ്ഘാടനത്തിനുശേഷം കിരീടാവകാശി മേളനഗരി മുഴുവൻ ചുറ്റി പ്രദർശനം കണ്ടു. പ്രതിരോധ വ്യവസായ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനികൾ നിർമിച്ച ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതികവിദ്യകളും ഉൾക്കൊള്ളുന്ന വെർച്വൽ കമാൻഡ് ആൻഡ് കൺട്രോൾ സെൻററിന്‍റെ പ്രവർത്തനങ്ങളും കിരീടാവകാശി കാണുകയുണ്ടായി.
സൗദി ആഭ്യന്തരമന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ്, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്ദുല്ല ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, പ്രതിരോധ സഹമന്ത്രി അമീർ ഖാലിദ് ബിൻ സൽമാൻ, സ്റ്റേറ്റ് സെക്യൂരിറ്റി മേധാവി അബ്ദുൽ അസീസ് അൽഹുവൈരിനി, മിലിട്ടറി ഇൻഡസ്ട്രീസ് ജനറൽ അതോറിറ്റി ഗവർണർ എൻജി. അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഒഹാലി, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടനവേദിയിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.