സൗദിയിൽ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം സംഘടിപ്പിക്കുന്നു
text_fieldsജിദ്ദ: സൗദിയിൽ അന്താരാഷ്ട്ര പ്രതിരോധ പ്രദർശനം സംഘടിപ്പിക്കുന്നു. രണ്ട് വർഷത്തിലൊരിക്കൽ നടത്താൻ തീരുമാനിച്ച പ്രദർശനത്തിന്‍റെ ആദ്യ പതിപ്പ് സൽമാൻ രാജാവിന്‍റെ മേൽനോട്ടത്തിൽ 2022 മാർച്ച് ആറ് മുതൽ ഒമ്പത് വരെ തീയതികളിൽ റിയാദിൽ നടക്കും. പ്രതിരോധ രംഗത്തെ ഏറ്റവും പുതിയ സംഭവ വികാസങ്ങളിലേക്ക് വെളിച്ചം വീശുന്ന പ്രദർശനം സംഘടിപ്പിക്കുന്നത് ജനറൽ ഇൻറസ്ട്രി ഫോർ മിലിറ്ററി അതോറിറ്റിയാണ്.
ആദ്യമായാണ് ഇങ്ങിനെയൊരു പ്രദർശനം നടക്കുന്നത്. സുരക്ഷാ, പ്രതിരോധ മേഖലകളിലെ വലിയ ആഗോള പരിപാടിയായാണ് ഇതിനെ കണക്കാക്കുന്നത്. ബന്ധപ്പെട്ട മന്ത്രാലയങ്ങളിൽ നിന്നും അതോറിറ്റികളിൽ നിന്നുമുള്ള പൂർണ പിന്തുണയോടെ ഒരുക്കുന്ന പ്രദർശനത്തിൽ രാജ്യത്തെ സർക്കാർ, സ്വകാര്യ മേഖലകളിലെ വകുപ്പുകൾ പങ്കെടുക്കും.
ഏകദേശം 8,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പ്രദർശനം ഒരുക്കുക. പ്രദർശനത്തിൽ പ്രതിരോധ, സുരക്ഷാ മേഖലയിൽ പ്രാവീണ്യം നേടിയ 100 പ്രാദേശിക കമ്പനികളും ലോകമെമ്പാടുമുള്ള മുതിർന്ന ഉദ്യോഗസ്ഥരും സൈനിക പ്രതിനിധികളും പങ്കെടുക്കും.
കര, കടൽ, വായു, ബഹിരാകാശം, വിവര, സുരക്ഷ എന്നീ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കും. സുരക്ഷാ, പ്രതിരോധ വ്യവസായത്തിലെ ആദ്യ ആഗോള പ്ലാറ്റ്ഫോമായിരിക്കും പ്രദർശനം.
പ്രതിരോധ മേഖലയിലെ കഴിവുകളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്നതിനുള്ള പ്രത്യേക പരിപാടിയായിരിക്കുമിത്. പ്രതിരോധ വ്യവസായത്തിലെ പ്രവർത്തനത്തിനുള്ള ഒരു ആഗോള പ്ലാറ്റ്ഫോമായി ഇതിനെ മാറ്റാനും പദ്ധതിയിട്ടിട്ടുണ്ട്. രാജ്യത്തെ പ്രമുഖ വ്യക്തികൾ, അന്താരാഷ്ട്ര സംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ, ലോകമെമ്പാടുമുള്ള പ്രതിരോധ വ്യവസായത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമെടുക്കുന്നവർ എന്നിവർ പ്രദർശനത്തിന് സാക്ഷ്യം വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.