സൗദി ഈത്തപ്പഴത്തിന്റെ അന്താരാഷ്ട്ര ഡിമാൻഡ് ഉയർന്നു, കയറ്റുമതി 119 രാജ്യങ്ങളിലേക്ക്
text_fieldsയാംബു: സൗദി ഈത്തപ്പഴത്തിന്റെ അന്താരാഷ്ട്ര ഡിമാൻഡ് ഉയർന്നു. കയറ്റുമതി 119 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. ഇന്റർനാഷനൽ ട്രേഡ് സെന്ററിന്റെ ‘ട്രേഡ് മാപ്പ്’ അനുസരിച്ച് കഴിഞ്ഞവർഷം കയറ്റുമതി 14 ശതമാനമാണ് വർധിച്ചത്. കയറ്റുമതി മൂല്യം ആകെ 146.2 കോടി റിയാലായി ഉയർന്നു. 2022ൽ ഇത് 128 കോടി റിയാലായിരുന്നു. സൗദി ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 119 ആയി ഉയർന്നു. 2016ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ കയറ്റുമതി മൂല്യം 2023ൽ 152.5 ശതമാനമാണ് വർദ്ധിച്ചത്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാനിരക്ക് 14 ശതമാനമായി. ഈ നേട്ടത്തിന് യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സൗദി അറേബ്യയെ അഭിനന്ദിച്ചു. എണ്ണയിതര കയറ്റുമതി വർധിപ്പിക്കുന്നതിലും ഈന്തപ്പനത്തോട്ടങ്ങളുടെ പരിപാലനം മെച്ചപ്പെടുത്തുന്നതിലും രാജ്യം കൈവരിച്ച നേട്ടത്തിന്റെ ഫലമാണിതെന്ന് നാഷനൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പ്രസ്താവനയിൽ പറഞ്ഞു. ഈന്തപ്പന കൃഷിയിലും വിപണനത്തിലും കയറ്റുമതിയിലും പ്രവർത്തിക്കുന്ന മുഴുവനാളുകളെയും സെന്റർ ചീഫ് എക്സിക്യൂട്ടീവ് ഡോ. മുഹമ്മദ് അൽനുവൈറൻ അഭിനന്ദിച്ചു.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങളിലൊന്നാണ് ഈത്തപ്പഴ കയറ്റുമതി വർധിപ്പിക്കുകയെന്നത്. ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ കയറ്റുമതി രാജ്യമായി സൗദി അറേബ്യയെ മാറ്റാനുള്ള ശ്രമത്തിലാണ് കാർഷിക മന്ത്രാലയം. ഓരോ വർഷവും ഈത്തപ്പഴ കയറ്റുമതിയിൽ രാജ്യം ശ്രദ്ധേയമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്.
ചൈനയിലേക്ക് 2022നെ അപേക്ഷിച്ച് 2023ൽ 121 ശതമാനമാണ് കയറ്റുമതി ചെയ്തത്. സിംഗപ്പൂരിലേക്ക് 86 ശതമാനവും കൊറിയയിലേക്ക് 24 ശതമാനവും ഫ്രാൻസിലേക്ക് 16 ശതമാനവും കയറ്റുമതി വർധിപ്പിച്ചു. രാജ്യത്തെ ഈന്തപ്പനകളുടെയും ഈത്തപ്പഴങ്ങളുടെയും മൂല്യം ഏകദേശം 750 കോടി റിയാലിലെത്തിയാതായി സെന്റർ വ്യക്തമാക്കി. കാർഷിക മൊത്ത ഉൽപാദനത്തിന്റെ 12 ശതമാനവും എണ്ണയിതര മൊത്ത ഉൽപാദനത്തിന്റെ 0.4 ശതമാനവും ഈത്തപ്പഴമാണ്. രാജ്യത്തെ ഈന്തപ്പനകളുടെ എണ്ണം 3.3 കോടിയിൽ എത്തിയതായും കാർഷിക മന്ത്രാലയം വ്യക്തമാക്കി. ഇത് ലോകത്തുള്ള മൊത്തം ഈന്തപ്പനകളുടെ 27 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.