അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിന് തുടക്കം
text_fieldsറിയാദ്: ലോകത്താകെയുള്ള ഫാൽക്കൺ പക്ഷിപ്രേമികളെ സാക്ഷിയാക്കി സൗദി തലസ്ഥാന നഗരത്തിൽ അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിന് തുടക്കം. ചൊവ്വാഴ്ച റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തുള്ള മൽഹമിലെ ക്ലബ് ആസ്ഥാനത്താണ് ലേലം മേള ആരംഭിച്ചിരിക്കുന്നത്. ആഗസ്റ്റ് 24 വരെ മേള തുടരും.
ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളിൽനിന്ന് 35ലധികം മുൻനിര ഫാൽക്കൺ ഫാമുകളുടെ പങ്കാളിത്തത്തോടെ സൗദി ഫാൽക്കൺസ് ക്ലബാണ് ലേലം സംഘടിപ്പിക്കുന്നത്. ലോകത്തെ മികച്ച ഫാമുകളിൽ നിന്നുള്ള ഫാൽക്കണുകളുടെ ലേലത്തിന് വരുംദിവസങ്ങളിൽ ഫാൽക്കൺ ക്ലബ് ആസ്ഥാനം സാക്ഷ്യം വഹിക്കും. ഇത്രയും ഫാൽക്കൺ ഫീഡിങ് ഫാമുകൾ സംഗമിക്കുന്ന ലോകത്തെ അപൂർവ സംഭവമാണിത്.
ലോകോത്തര ഫാൽക്കൺ പക്ഷികളുടെ വമ്പിച്ച ലേലം വിളിക്കും കച്ചവടത്തിനുമാണ് മേള സാക്ഷിയാകുക. സൗദിയിൽനിന്നും വിവിധ രാജ്യങ്ങളിൽനിന്നുമുള്ള ഫാൽക്കൺ പ്രേമികളും ഫാം ഉടമകളും ലേലത്തിൽ പങ്കാളികളാകുന്നുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി സംഘടിപ്പിച്ചുവരുന്നതാണ് ഫാൽക്കൺ ലേലം. ഫാൽക്കണുകളും ഫാൽക്കൺ വളർത്തുകാരും വർഷംതോറും കണ്ടുമുട്ടുന്ന അന്താരാഷ്ട്ര വേദിയായി ഈ മേള മാറിക്കഴിഞ്ഞു.
ഫാൽക്കണുകളുടെ ചരിത്രപരവും മാനുഷികവുമായ പൈതൃകം സംരക്ഷിക്കുന്നതിൽ സൗദി ഫാൽക്കൺസ് ക്ലബ് നടത്തുന്ന ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ പരിപാടി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 1.8 കോടി റിയാലിലധികം ലേലം വിൽപനയാണ് നടന്നത്. പുതിയ ആഗോള ഫാൽക്കൺ ഉൽപാദന ഫാമുകൾ പരിചയപ്പെടുത്താനും ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ ക്ലബിന് സാധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.