അന്താരാഷ്ട്ര ഫാൽക്കൺ ലേലം: 4 ലക്ഷം റിയാൽ, വിലയിൽ ഞെട്ടിച്ച് ‘അൾട്രാ വൈറ്റ്’ ഫാൽക്കൺ
text_fieldsറിയാദ്: ഒരു ഫാൽക്കൺ പക്ഷി ലേലത്തിൽ വിറ്റുപോയത് നാല് ലക്ഷം റിയാലിന്. റിയാദ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര ഫാൽക്കൺ ലേലത്തിൽ അമേരിക്കയിൽ നിന്നുള്ള ഒരു ഫാം എത്തിച്ച ഈ പക്ഷി ഇത്രയും വിലക്ക് വിറ്റുപോയത്. ഈ വർഷത്തെ മേളയുടെ ഒമ്പതാം രാവിൽ അരങ്ങേറിയ ലേലമാണ് ഈ വർഷത്തെ ഏറ്റവും വിലയേറിയ ഫാൽക്കണിന്റെ വിൽപ്പനക്ക് സാക്ഷ്യം വഹിച്ചത്.
‘അൾട്രാ വൈറ്റ്’ ഫാൽക്കണാണ് സ്വപ്ന വില നൽകി ഒരാൾ സ്വന്തമാക്കിയത്. സൗദിയിലെ അമേരിക്കൻ അംബാസഡർ മൈക്കൽ റാറ്റ്നിയുടെ സാന്നിധ്യത്തിലാണ് ലേലം നടന്നത്. അമേരിക്കൻ പസഫിക് നോർത്ത് വെസ്റ്റ് ഫാൽക്കൺസ് ഫാമാണ് ഈ പക്ഷിയെ ലേലത്തിലേക്ക് കൊണ്ടുവന്നത്. സൂപ്പർ വൈറ്റ് ഫാൽക്കൺ, അൾട്രാ വൈറ്റ് എന്നീ രണ്ട് ഫാൽക്കണുകളെയാണ് ലേലം ചെയ്തത്.
4,86,000 റിയാലിനാണ് രണ്ട് ഫാൽക്കണുകൾ വിറ്റത്. 40,000 റിയാലിൽ ആരംഭിച്ച സൂപ്പർ വൈറ്റ് ഫാൽക്കണിന്റെ ലേലം 86,000 റിയാലിനും ഒരു ലക്ഷം റിയാലിന് ആരംഭിച്ച അൾട്രാവൈറ്റ് ഫാൺക്കണിന്റെ ലേലം നാല് ലക്ഷം റിയാലിനുമാണ് കലാശിച്ചത്.
ഈ മാസം അഞ്ചിനാണ് ഫാൽക്കൺ പ്രൊഡക്ഷൻ ഫാമുകളുടെ അന്താരാഷ്ട്ര ലേലം റിയാദിൽ ആരംഭിച്ചത്. 16 രാജ്യങ്ങളിൽനിന്നുള്ള 35 ഫാൽക്കൺ ഉൽപാദന ഫാമുകളാണ് ലേലത്തിൽ പങ്കെടുക്കുന്നത്. ലോകത്ത് ഉൽപാദിപ്പിക്കുന്ന ഫാൽക്കണുകളുടെ മികച്ച ഇനങ്ങളാണ് മൽഹമിലെ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് സംഘാടകർ എത്തിച്ചിരിക്കുന്നത്.
ഫാൽക്കൺ പ്രേമികളുടെ ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ലോകപ്രശസ്ത ഫാൽക്കൺ ഉൽപാദന ഫാമുകളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര ഫാൽക്കൺ ലേലം സംഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.