‘ഉസ്റത്തുൻ ഹസന' ഇന്റർനാഷനൽ ഇസ്ലാമിക് ഫാമിലി എക്സിബിഷൻ ഇന്നവസാനിക്കും
text_fieldsജിദ്ദ: ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച 'ഉസ്റത്തുൻ ഹസന' ഇന്റർനാഷനൽ ഇസ്ലാമിക് ഫാമിലി എക്സിബിഷൻ ഇന്നവസാനിക്കും. ഇന്നലെ ആരംഭിച്ച പ്രദർശനം ആയിരങ്ങളാണ് സന്ദർശിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മുതൽ 10 വരെ കുടുംബസമേതം പ്രദർശനം കാണാനുള്ള അവസരമുണ്ട്. ജിദ്ദ മദീന റോഡിലെ മസ്ജിദ് മലിക് സൗദിന് സമീപമുള്ള ജിദ്ദ ഇന്ത്യൻ ഇസ്ലാസെന്ററിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്. കുടുംബങ്ങളുടെ അകത്തളങ്ങളുമായി ബന്ധപ്പെട്ട സമകാലിക സംഭവങ്ങളെ നമ്മുടെ മനസ്സിനെയും മസ്തിഷ്കത്തെയും തൊട്ടുണർത്തുന്ന രീതിയിലാണ് ഏറെ ആകർഷകമായ പ്രദർശനം ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ ജിദ്ദയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശക്തമായ കുടുംബബന്ധങ്ങളുടെ ആവശ്യകത, ഇസ്ലാമിക കുടുംബത്തിന്റെ പ്രാധാന്യം, ബാല്യം, കൗമാരം, യുവത്വം, വാർധക്യം തുടങ്ങിയ എല്ലാ അവസ്ഥകളെയും എങ്ങനെ ചേർത്തു പിടിക്കാം, എങ്ങനെ സാമൂഹിക നൻമയുടെ വിളനിലമാക്കാം എന്ന ഗഹനമായ പഠനം ഏറെ സരളവും ലളിതവുമായി അവതരിപ്പിക്കപ്പെടുന്ന സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. മാതൃത്വം, പിതൃത്വം, വൈവാഹിക ജീവിതം തുടങ്ങിയവയെല്ലാം എങ്ങനെ പരസ്പര പൂരകങ്ങളാക്കാം എന്ന ഏറെ പ്രാധാന്യമർഹിക്കുന്ന സ്റ്റാളുകളും പ്രദർശനത്തിലുണ്ട്. ഉത്തരാധുനികയുടെ ദുരന്തങ്ങളായ അഡിക്ഷൻസ്, ജെൻഡർ രാഷ്ട്രീയം, എൽ.ജി.ബി.ടി.ക്യു.ഐ.എ+ തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതോടൊപ്പം അതിനുള്ള പരിഹാരവും പ്രദർശനം അനാവരണം ചെയ്യപ്പെടുന്നു. തങ്ങളൊരുക്കിയിരിക്കുന്നത് കേവലം പഴയകാല രീതിയിലുള്ള ഒരു പ്രദർശനമല്ലെന്നും, മറിച്ച് ഒരുമിച്ചുചേരാനും ആശയങ്ങൾ പങ്കിടാനും പഠിക്കാനും തിരിച്ചറിവിനുമുള്ള അവസരമാണെന്നും സംഘാടകർ അവകാശപ്പെട്ടു. എം.എം അക്ബർ, യാസർ അറാഫത്ത്, മുഹമ്മദ് അമീർ, അബ്ബാസ് ചെമ്പൻ, ശിഹാബ് സലഫി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.