അന്താരാഷ്ട്ര തൊഴിൽവിപണി സമ്മേളനം ജനുവരിയിൽ
text_fieldsറിയാദ്: അന്താരാഷ്ട്ര തൊഴിൽ വിപണി സമ്മേളനം രണ്ടാം പതിപ്പിന് ജനുവരിയിൽ റിയാദ് ആതിഥേയത്വം വഹിക്കും. ദ്വിദിന സമ്മേളനം മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് സംഘടിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള തൊഴിൽ വിപണികളുടെ ‘ഭാവിയും വെല്ലുവിളികളും’ ചർച്ച ചെയ്യുന്ന ആഗോള സംവാദവേദിയിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള 40-ലധികം തൊഴിൽ മന്ത്രിമാർ പെങ്കടുക്കും.
മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി ആധുനിക തൊഴിൽ വിപണി രീതികൾ പ്രോത്സാഹിപ്പിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് സൽമാൻ രാജാവിന്റെ പിന്തുണ നല്ല സ്വാധീനം ചെലുത്തുന്നതായി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽ റാജ്ഹി പറഞ്ഞു.
അവസരങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യാനുള്ള ഒരു ആഗോള സംഭാഷണ സംവിധാനം സ്ഥാപിക്കുന്നതിനും ‘വിഷൻ 2030’ന്റെ അഭിലാഷ ലക്ഷ്യങ്ങൾക്കനുസൃതമായി തൊഴിൽ വിപണിയുടെ ഭാവി രൂപപ്പെടുത്തുന്ന തന്ത്രപരമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിനും ഈ പതിപ്പിന് വളരെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു പ്രമുഖ വേദിയായും ബൗദ്ധിക കേന്ദ്രമായും സ്ഥാനം ഉറപ്പിക്കുന്നതിൽ സമ്മേളനത്തിന്റെ പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.
തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട ഗവേഷണത്തെ പിന്തുണക്കും. സംഭാഷണവും അറിവും ഉത്തേജിപ്പിക്കും. ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ, വേൾഡ് ബാങ്ക്, യുനൈറ്റഡ് നേഷൻസ് ഡെവലപ്മെൻറ് പ്രോഗ്രാം എന്നിവയുമായി ശാസ്ത്രീയ പങ്കാളിത്തത്തോടെ ആഗോള തൊഴിൽ വിപണിക്കായി സമഗ്രആവാസവ്യവസ്ഥ സ്ഥാപിക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്ന് മന്ത്രി സൂചിപ്പിച്ചു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള 40 ലേറെ തൊഴിൽ മന്ത്രിമാർ, 50 രാജ്യങ്ങളിലെ 200-ലധികം പ്രഭാഷകർ എന്നിവർ സമ്മേളനത്തിൽ പെങ്കടുക്കും. ഗവൺമെൻറ്, സ്വകാര്യ മേഖലകളിലെ വിദഗ്ധരും ഉദ്യോഗസ്ഥരും നേതാക്കളും ഉൾപ്പെടുന്ന മികച്ച ഗ്രൂപ് ഡയലോഗ് സെഷനുകളിലൂടെയും വർക്ഷോപ്പുകളിലൂടെയും തൊഴിൽ വിപണികളുടെ ഭാവിയെക്കുറിച്ചുള്ള ആഗോള സംഭാഷണത്തിന് നേതൃത്വം നൽകും.
ആശയങ്ങളും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനും തൊഴിൽ സമ്പ്രദായങ്ങളിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിന് സഹകരണം വർധിപ്പിക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
തൊഴിൽ വിപണിയിലെ വിടവുകൾ നികത്തുക, തൊഴിൽ വിപണി നേരിടുന്ന വെല്ലുവിളികളോട് പ്രതികരിക്കാൻ പങ്കാളികളെ പ്രാപ്തരാക്കുന്ന പ്രായോഗിക ഉൾക്കാഴ്ചകൾ കൈവരിക്കുക, മികച്ച പ്രതിഭകളെ ആകർഷിക്കുന്ന നൂതന പരിഹാരങ്ങൾ നൽകുക, തൊഴിൽ രംഗത്തെ മികവിന് ആഗോള നിലവാരം നൽകുക എന്നിവയും സമ്മേളനം ലക്ഷ്യമിടുന്നു.
നൈപുണ്യങ്ങളുടെ തുടർച്ചയായ വികസനവും പുനരധിവാസവും, ജോലിയും വേതനവും മെച്ചപ്പെടുത്തുന്നതിൽ ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സ്വാധീനം, നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള ജോലികൾ ഭാവിയിൽ തൊഴിൽ വിപണിയുടെ ഫലപ്രാപ്തി എങ്ങനെ വർധിപ്പിക്കും എന്നീ വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.