അന്താരാഷ്ട്ര ഖുർആൻ മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsജിദ്ദ: 43ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ, മനഃപാഠ മത്സരത്തിലെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നൽകി ആദരിക്കുകയും ചെയ്തു.
സൗദി പൗരനായ അയൂബ് ബിൻ അബ്ദുൽ അസീസ് അൽവുഹൈബിയാണ് ഒന്നാം സ്ഥാനം നേടി അഞ്ച് ലക്ഷം റിയാൽ സമ്മാനം നേടിയത്. വിവിധ വിഭാഗങ്ങളിലായി ആകെ 21 പേരാണ് വിജയികളായത്.
മക്ക ഹറമിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവിനുവേണ്ടി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താനാണ് വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ നൽകി ആദരിക്കുകയും ചെയ്തത്.
ഗവർണറും സദസ്സും വിജയികളുടെ ഖുർആൻ പാരായണം ശ്രവിച്ചുകൊണ്ടാണ് ചടങ്ങിന് തുടക്കം കുറിച്ചത്. മത്സരത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും മുൻവർഷങ്ങളിലെ മത്സര പരിപാടികളെ കുറിച്ചുമുള്ള വിഡിയോ ചിത്രം പ്രദർശിപ്പിച്ചു.
മത്സരത്തിൽ പങ്കെടുത്തവരെ പ്രതിനിധാനം ചെയ്ത് ഒമാൻ പൗരനായ അബ്ദുല്ല ബിൻ നുഅ്മാൻ സംസാരിച്ചു.
നിരവധി അമീറുമാർ, പണ്ഡിതന്മാർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ, സർക്കാർ ഉദ്യോഗസ്ഥർ, മക്കയിലെ ഒരുകൂട്ടം പ്രബോധകരും ഖതീബുമാരും തുടങ്ങിയവർ സമാപന ചടങ്ങിൽ പങ്കെടുത്തു. അബ്ദുൽ അസീസ് രാജാവിന്റെ കാലം മുതൽ ഇതുവരെ ഖുർആൻ പഠിപ്പിക്കുകയും അച്ചടിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിൽ രാജ്യത്തെ ഭരണാധികാരികളെ ദൈവം അനുഗ്രഹിച്ചിട്ടുണ്ടെന്ന് മതകാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുൽ അസീസ് ബിൻ ആലുശൈഖ് ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മുസ്ലിം കുട്ടികളെ ഖുർആൻ മത്സത്തിൽ പങ്കെടുപ്പിക്കുന്നതിൽ മന്ത്രാലയം എല്ലാ കഴിവുകളും വിനിയോഗിച്ചിട്ടുണ്ട്. മത്സരത്തിലെ ഏറ്റവും ഉയർന്ന സമ്മാനം അഞ്ച് ലക്ഷം റിയാലാണ്.
അത് ആദ്യ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനായ സൗദി പൗരനായ അയൂബ് ബിൻ അബ്ദുൽ അസീസ് അൽവുഹൈബിക്ക് ഡെപ്യൂട്ടി ഗവർണർ സമ്മാനിച്ചു. വിലയിരുത്തുന്നതിൽ കൃത്യത, സുതാര്യത, നീതി എന്നിവയുടെ ഉയർന്ന നിലവാരം കൈവരിക്കാൻ മന്ത്രാലയം ശ്രദ്ധിച്ചിരുന്നു. രാജ്യത്തിനകത്തും പുറത്തുനിന്നും അറിവും അനുഭവപരിചയവും വൈദഗ്ധ്യവുമുള്ള നിരവധി ആളുകൾ മത്സരാർഥികളെ ശ്രദ്ധിക്കുകയും അവർക്കിടയിൽ കൃത്യമായ ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിധി നിർണയിക്കുകയും ചെയ്തു. മത്സരത്തിന്റെ മൊത്തം സമ്മാനങ്ങൾ 40 ലക്ഷം റിയാലാണ്. ഇത്തവണ മത്സരത്തിൽ ലോകത്തെ 117 രാജ്യങ്ങളിൽനിന്നുള്ള 166 മത്സരാർഥികൾ പങ്കെടുത്തുവെന്നും മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
സന്തോഷകരവും അഭിമാനകരവുമായ ബഹുമതി -അയൂബ് ബിൻ അബ്ദുൽ അസീസ് അൽ വുഹൈബി
ജിദ്ദ: ഖുർആൻ പാരായണ മത്സരത്തിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര അവാർഡ് നേടാനായത് ബഹുമതിയും അഭിമാനവുമാണെന്ന് ഒന്നാം വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ അയൂബ് ബിൻ അബ്ദുൽ അസീസ് അൽ വുഹൈബി പറഞ്ഞു. വലിയ സന്തോഷമുണ്ട്.
ദൈവത്തിന് നന്ദി. കുട്ടിക്കാലം മുതൽ ഈ അന്താരാഷ്ട്ര അവാർഡ് ലഭിക്കുന്നത് വരെ എനിക്ക് എല്ലാ പ്രോത്സാഹനവും പിന്തുണയും നൽകിയ എന്റെ മാതാപിതാക്കൾക്കും നന്ദി. ലോകത്തിലെ ഏറ്റവും മികച്ച ഖുർആൻ പാരായണ പ്രമുഖരായ മത്സരാർഥികൾ ഉള്ളതിനാൽ മത്സരം ശക്തമായിരുന്നു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ട ജൂറികളുടെ സാന്നിധ്യത്തിലാണ് മത്സരം നടന്നത്. ദൗത്യം ദുഷ്കരമായിരുന്നുവെന്നും ദൈവകൃപയെ തുടർന്നാണ് ഒന്നാം സ്ഥാനം നേടിയതെന്നും അൽവുഹൈബി പറഞ്ഞു. ഖുർആനോടും അത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരോട് കാണിക്കുന്ന പരിഗണനക്കും കരുതലിനും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നന്ദി പറയുന്നുവെന്നും അൽവുഹൈബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.