നാളെയിലേക്ക് വാതിൽതുറന്ന് ലീപ്; മേളയിലേക്ക് ജനപ്രവാഹം
text_fields1. ലീപ് മേളയിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽസവാഹ നിക്ഷേപ പദ്ധതികളെക്കുറിച്ച് പ്രഖ്യാപനം നടത്തുന്നു, 2. മേളയിലെത്തിയ സന്ദർശകരുടെ തിരക്ക്
റിയാദ്: നാളത്തെ സാങ്കേതികവിദ്യയിലേക്ക് വാതിൽതുറന്ന് ‘ലീപ് 2025’ അന്താരാഷ്ട്ര ടെക് മേളക്ക് റിയാദിൽ തുടക്കം. ‘പുതിയ ലോകങ്ങളിലേക്ക്’ എന്ന തലക്കെട്ടിൽ ഞായറാഴ്ച ഉച്ചയോടെ ആരംഭിച്ച മേള സൗദി മാനവിഭവശേഷി സാമൂഹികവികസന മന്ത്രി അഹ്മദ് ബിൻ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽരാജ്ഹി ഉദ്ഘാടനം ചെയ്തു.
റിയാദ് നഗരത്തിന്റെ വടക്കുഭാഗമായ മൽഹമിലെ റിയാദ് ഇന്റർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ബുധനാഴ്ച വരെ നാലുദിവസമാണ് മേള. ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഐടി ലോകത്തെ വിദഗ്ധരും പ്രഭാഷകരും പ്രദർശകരും സംരംഭകരും പങ്കെടുക്കുന്ന മേള സന്ദർശിക്കാൻ രാജ്യത്തിന് അകത്തും പുറത്തുനിന്ന് ആളുകൾ ഒഴുകുകയാണ്.
ആദ്യദിനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ 14.9 ശതകോടി ഡോളറിന്റെ നിക്ഷേപങ്ങളും പദ്ധതികളും പ്രഖ്യാപിച്ചു. കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽസവാഹയാണ് നിക്ഷേപപ്രഖ്യാപനം നടത്തിയത്. ഡിജിറ്റൽ നൈപുണ്യവികസനത്തിനും ഐ.ടി രംഗത്തെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പുതിയ നിക്ഷേപം.
എ.ഐ ഉൾെപ്പടെയുള്ള സാങ്കേതികരംഗത്തെ വിപ്ലവകരമായ മാറ്റത്തോടുള്ള സൗദി അറേബ്യയുടെ കാഴ്ചപ്പാടും പദ്ധതികളും മന്ത്രി വിശദീകരിച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിന്റെ പിന്തുണയും കാഴ്ചപ്പാടുമാണ് സുപ്രധാന നിക്ഷേപങ്ങളും സംരംഭങ്ങളും സാധ്യമാക്കിയതെന്ന് മന്ത്രി അൽസവാഹ പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ തുടങ്ങി നിരവധി പ്രധാന നിക്ഷേപങ്ങളുടെയും പദ്ധതികളുടെയും പ്രഖ്യാപനത്തിനാണ് ആദ്യദിനം സാക്ഷ്യംവഹിച്ചത്. ഗ്രോക്ക് ആൻഡ് അറാംകോ ഡിജിറ്റൽ കമ്പനി, എ.ഐ പവർഡ് ക്ലൗഡ് കമ്പ്യൂട്ടിങ് വിപുലീകരണത്തിനായി 1.5 ശതകോടി ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. സൗദിയിൽ എ.ഐ റോബോട്ടിക്സ് അധിഷ്ഠിത മാനുഫാക്ചറിങ് ആൻഡ് ടെക്നോളജി സെന്റർ സ്ഥാപിക്കുന്നതിനും ലെനോവോയുടെ പ്രാദേശിക ആസ്ഥാനം റിയാദിൽ തുറക്കുന്നതിനുമായി 200 കോടി ഡോളർ നിക്ഷേപം അലറ്റ് ആൻഡ് ലെനോവോ പ്രഖ്യാപിച്ചു.
ബുധനാഴ്ച മേള അവസാനിക്കുമ്പോൾ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾക്കും വ്യാപാര കരാറുകൾക്കും തലസ്ഥാന നഗരി സാക്ഷിയാകും. ലോകോത്തര കമ്പനികൾ ആഗോള ഉപഭോക്താക്കൾക്ക് മുന്നിൽ തങ്ങളുടെ സേവനങ്ങളും ഉൽപന്നങ്ങളും പരിചയപ്പെടുത്തുന്നതിന് ലീപ് വേദിയാകും. രാജ്യത്തിനകത്തുള്ള വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും സ്റ്റാർട്ടപ്പ് സംരംഭകർക്കും വലിയ അവസരമായി ലീപ്പ് മാറുമെന്നാണ് പ്രതീക്ഷയെന്ന് വിദഗ്ധർ വിലയിരുത്തുന്നുണ്ട്.
വരും ദിവസങ്ങളിൽ ഡിജിറ്റൽ, സാങ്കേതിക പരിവർത്തനങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും പദ്ധതികളും അവതരിപ്പിക്കുന്നത് സമ്മേളനത്തിൽ തുടരും. സാങ്കേതിക നവീകരണം വർധിപ്പിക്കുന്നതിനും ആഗോളതലത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് നേതൃസ്ഥാനം നേടുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതുമായിരിക്കും.
ലോകത്ത് സാങ്കേതികമേഖലയിൽ നടക്കുന്ന പരിവർത്തനങ്ങളെ നേരിൽ കണ്ടറിയാനുള്ള അവസരമാണ് സന്ദർശകർക്ക് മേള സമ്മാനിക്കുന്നത്. ഇതര ഗൾഫ് മേഖലയിൽനിന്നാണ് ഏറ്റവും കൂടുതൽ സന്ദർശകരെത്തിയിട്ടുള്ളത്. സാങ്കേതികരംഗത്തെ സൗദി അറേബ്യയുടെ കുതിപ്പ് അത്ഭുതകരമായും പ്രതീക്ഷയോടെയുമായാണ് നോക്കിക്കാണുന്നതെന്ന് ബഹ്റൈൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐ.ടി സ്ഥാപനത്തിന്റെ മേധാവി റാംഗോപാൽ മേനോൻ അഭിപ്രായപ്പെട്ടു.
നാളെയുടെ ലോകം എങ്ങോട്ടെന്ന് അറിയാൻ സാങ്കേതിക രംഗത്തെ എല്ലാത്തവരും മേളയിലെത്തുന്നുണ്ട്. റിയാദ് നഗരത്തിൽനിന്ന് 75 കിലോമീറ്റർ അകലെയുള്ള റിയാദ് എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിലെത്താൻ വിപുലമായ ഗതാഗത സംവിധനം ഒരുക്കിയിട്ടുണ്ട് സംഘാടകർ. റിയാദ് മെട്രോയുടെ സബ് സ്റ്റേഷനിൽനിന്ന് ഓരോ 15 മിനിറ്റിലും സൗജന്യ ബസ് സർവിസുണ്ട്.
പാർക്കിങ് ഗ്രൗണ്ടിൽനിന്ന് കവാടത്തിലേക്ക് ഗോൾഫ് കാറുകളും ഒരുക്കിയിട്ടുണ്ട്. കരീം ടാക്സി സർവിസുമായി ലീപ്പ് ഉണ്ടാക്കിയ കരാർ അനുസരിച്ച് സന്ദർശകർക്ക് പ്രതേക യാത്ര ചാർജ് കിഴിവും ലഭിക്കും. റിയാദിലെ റോഡുകളുടെ തിരക്ക് കണക്കിലെടുക്കുമ്പോൾ യാത്രക്ക് എളുപ്പം മെട്രോയും തുടർന്നുള്ള ബസ് യാത്രയുമാണെന്ന് ഇന്നലെ മേള സന്ദർശിച്ചർ അഭിപ്രായപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.