അന്താരാഷ്ട്ര ജലസംഘടന;റിയാദ് ആസ്ഥാനമായി സ്ഥാപിക്കും -സൗദി കിരീടാവകാശി
text_fieldsജിദ്ദ: റിയാദ് ആസ്ഥാനമായി സൗദി അറേബ്യ അന്താരാഷ്ട്ര ജല സംഘടന സ്ഥാപിക്കുന്നു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സാങ്കേതിക അനുഭവങ്ങൾ, നവീകരണം, ഗവേഷണം, വികസനം എന്നിവ കൈമാറുന്നതിലൂടെയും മെച്ചപ്പെടുത്തുന്നതിലൂടെയും ജല വെല്ലുവിളികളെ സമഗ്രമായ രീതിയിൽ അഭിമുഖീകരിക്കാനുള്ള രാജ്യങ്ങളുടെയും സംഘടനകളുടെയും ശ്രമങ്ങൾ വികസിപ്പിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കിരീടാവകാശി പറഞ്ഞു.
ജലസ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും എല്ലാവർക്കും അവയിലേക്ക് പ്രവേശനം വർധിപ്പിക്കുന്നതിനുമുള്ള ശ്രമത്തിൽ മുൻഗണനാ നിലവാരമുള്ള പദ്ധതികൾ സ്ഥാപിക്കുന്നതിനും അവയുടെ ധനസഹായം സുഗമമാക്കുന്നതിനും സാധ്യമാക്കുന്നതിനാണ്. ലോകമെമ്പാടുമുള്ള ജല വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിലും പാരിസ്ഥിതിക സുസ്ഥിരത പ്രശ്നങ്ങളോടുള്ള പ്രതിബദ്ധതയിലും സൗദിയുടെ പങ്ക് സ്ഥിരീകരിക്കുന്നതാണ് ഈ സംരംഭമെന്നും കിരീടാവകാശി പറഞ്ഞു.
ജലത്തിന്റെ ഉൽപാദനം, ഗതാഗതം, വിതരണം, വെല്ലുവിളികൾക്കുള്ള സാങ്കേതിക പരിഹാരങ്ങളുടെ നവീകരണം, അന്താരാഷ്ട്ര അജണ്ടയുടെ മുകളിൽ ജലപ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അതിന്റെ സംഭാവന എന്നിവയിൽ ദശാബ്ദങ്ങളായുള്ള സൗദി അറേബ്യയുടെ മുൻനിര ആഗോള അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള നാല് ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങൾക്ക് ജല, ശുചിത്വ പദ്ധതികൾക്കായി 600 കോടി ഡോളറിലധികം ധനസഹായം നൽകുന്നത് ഇതിൽ ഉൾപ്പെടുന്നുവെന്നും കിരീടാവകാശി പറഞ്ഞു.
ജല പരിഹാരങ്ങളിൽ വൈദഗ്ധ്യവും ഫലപ്രദമായ സംഭാവനകൾ നൽകുന്ന രാജ്യങ്ങൾക്കുപുറമെ ജലപ്രശ്നവുമായി ബന്ധപ്പെട്ട് വെല്ലുവിളികൾ നേരിടുന്ന രാജ്യങ്ങളുമായി അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഘടന പ്രവർത്തിക്കുകയും ദേശീയ അജണ്ടയിൽ അനുബന്ധ പദ്ധതികൾക്ക് മുൻഗണന നൽകുകയും ചെയ്യും. കണക്കുകൾ പ്രകാരം ലോക ജനസംഖ്യ 9,800 കോടിയിലേക്ക് എത്തുന്നതിന്റെ ഫലമായി 2050 ഓടെ ആഗോള ജലത്തിന്റെ ആവശ്യം ഇരട്ടിയാകുമെന്ന് കണക്കിലെടുത്താണിതെന്നും കിരീടാവകാശി പറഞ്ഞു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സുരക്ഷിതവും സുസ്ഥിരവുമായ ഒരു ജലഭാവിക്ക് വഴിയൊരുക്കുന്നതിനും യോജിച്ച ശ്രമങ്ങളിലൂടെ ജലസമൃദ്ധി ഉറപ്പാക്കാനും അംഗരാജ്യങ്ങളുമായി സഹകരിച്ച് അതിനാവശ്യമായ സംഭാവനകൾ നൽകാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.