അന്താരാഷ്ട്ര യോഗ ദിനാചരണം; ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിപുല പരിപാടികൾ
text_fieldsജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയിൽ പങ്കെടുത്തവർ
ജിദ്ദ: അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ആഭിമുഖ്യത്തിൽ വിവിധ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ‘യോഗ സ്വന്തത്തിനും സമൂഹത്തിനും’ എന്ന ശീർഷകത്തിൽ ജിദ്ദയിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ആമുഖഭാഷണം നടത്തി.
കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സംസാരിക്കുന്നു
ദൈനംദിന ജീവിതത്തിൽ വ്യക്തിപരമായ ക്ഷേമത്തിന് യോഗ പരിശീലനത്തിന്റെ നേട്ടവും സമൂഹത്തിൽ അതിന്റെ പ്രചാരണം നടക്കേണ്ടുന്നതിന്റെ പ്രാധാന്യവും അദ്ദേഹം സംസാരത്തിൽ ഊന്നിപ്പറഞ്ഞു. ജമ്മുവിലെ ശ്രീനഗറിൽ പത്താമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം സ്ക്രീനിൽ പ്ലേ ചെയ്തുകൊണ്ടാണ് ആഘോഷപരിപാടി ആരംഭിച്ചത്. ജിദ്ദയിലെ ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്ന് ഒരു കൂട്ടം വിദ്യാർഥികളുടെ ‘യോഗ നൃത്തം’, കഴിഞ്ഞ 10 വർഷത്തെ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങൾ ഉയർത്തിക്കാട്ടുന്ന വിഡിയോ സന്ദേശ പ്രചാരണം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ ആഘോഷപരിപാടിക്ക് മികവ് നൽകി. ജിദ്ദയിലെ പ്രവാസി ഇന്ത്യക്കാർ, കോൺസുലേറ്റ് ഉദ്യോഗസ്ഥർ, അവരുടെ കുടുംബാംഗങ്ങൾ, ജിദ്ദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകർ, സ്കൂൾ വിദ്യാർഥികൾ, പ്രാദേശിക യോഗ പ്രേമികൾ തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.