അറബിക് കാലിഗ്രഫി ജനകീയമാക്കൽ: വിവിധ പദ്ധതികളുമായി സൗദി സാംസ്കാരിക മന്ത്രാലയം
text_fieldsയാംബു: അറബിക് കാലിഗ്രഫി കൂടുതൽ ജനകീയമാക്കാനും കാലിഗ്രഫിയിൽ പുതുതലമുറയെ കൂടുതൽ ആകർഷിപ്പിക്കാനും സൗദി സാംസ്കാരിക മന്ത്രാലയം വിവിധ പദ്ധതികൾ ആസൂത്രണംചെയ്യുന്നു. കഴിഞ്ഞവർഷം സൗദി അറബിക് കാലിഗ്രഫി വർഷമായി ആചരിച്ചത് ആഗോള ശ്രദ്ധ നേടിയിരുന്നു.അറബിഭാഷയുടെ സമൃദ്ധി പ്രചരിപ്പിക്കാനും സൗന്ദര്യം, ചരിത്രം എന്നിവ അതിെൻറ തന്മയത്വത്തോടെ സമൂഹത്തിന് പരിചയപ്പെടുത്താനും ഇതുവഴി കഴിഞ്ഞതായി മന്ത്രാലയം വിലയിരുത്തി.
അതിെൻറ തുടർപരിപാടികളുടെ ഭാഗമായി 2021ഉം കാലിഗ്രഫിവർഷമായിത്തന്നെ കൊണ്ടാടാൻ മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്. 'ഇയർ ഓഫ് അറബിക് കാലിഗ്രഫി'യുടെ ലോഗോ റിയാദിന് പടിഞ്ഞാറു ഭാഗത്തുള്ള തുവായ്ക് പർവതത്തിെൻറ കൊടുമുടിയുടെ വശങ്ങളിൽ സാംസ്കാരിക മന്ത്രാലയം ഡിജിറ്റൽ വിഷ്വൽ ഡിസ്പ്ലേ ചെയ്തത് നേരേത്ത വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
'കിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനി'യുമായി സഹകരിച്ച് കാലിഗ്രഫിയുമായി ബന്ധപ്പെട്ട വിവിധ പ്രദർശനങ്ങളും അന്ന് ഒരുക്കിയിരുന്നു.വിഷൻ 2030 പദ്ധതിയുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രാലയം ലക്ഷ്യംവെക്കുന്ന 'ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം'പദ്ധതിയുടെ ഭാഗമായാണ് വിവിധ പരിപാടികൾ നടത്തുന്നത്.
അറബി അക്ഷരകലയായ കാലിഗ്രഫിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഖുർആൻ പകർത്തിയെഴുതാൻ തുടങ്ങിയ കാലം മുതലാണ് ഈ കല ജനകീയമായത്. വാക്കുകളും വാക്യങ്ങളും ഉൾക്കൊള്ളുന്ന ആശയങ്ങളെ ചിത്രങ്ങളിലൂടെ ആവിഷ്കരിക്കുന്ന ഒരു ആകർഷണീയ കലാരൂപമായി കാലാന്തരങ്ങളിലൂടെ ഇത് വികാസം പ്രാപിക്കുകയായിരിക്കുന്നു. അറബി കാലിഗ്രഫിയുടെ സംസ്കാരവും അതിെൻറ ഉപയോഗവും വിദ്യാർഥികൾക്കും യുവാക്കൾക്കുമിടയിൽ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്. ഇതിനായി വിവിധ മേഖലയിൽ ശിൽപശാലകളും ഓൺലൈൻ വർക് ഷോപ്പുകളും സംഘടിപ്പിക്കും.
16 വെർച്വൽ വർക്ഷോപ്പുകളും 14 ഫിസിക്കൽ വർക്ഷോപ്പുകളും രാജ്യത്തിലെ വിവിധ നഗരങ്ങളിൽ നടക്കും. 12 വയസ്സിനു മുകളിലുള്ള എല്ലാവർക്കും പങ്കെടുക്കാം. വിദഗ്ധരായ കാലിഗ്രാഫർമാർ നയിക്കുന്ന ആദ്യത്തെ ശിൽപശാല മാർച്ച് 28ന് ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മന്ത്രാലയ വക്താക്കൾ അറിയിച്ചു.അറബ് സംസ്കാരത്തിെൻറ പാരമ്പര്യം പുതുതലമുറക്ക് പകർന്നുനൽകാൻ അറബി കാലിഗ്രഫി വർഷാചരണവും വിവിധ പരിപാടികളും വഴി സാധിക്കുമെന്ന് അധികൃതർ കണക്കുകൂട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.