മക്കയിലെ ഇന്റർനെറ്റ് ഉപയോഗം; റെക്കോഡ് ഉയരത്തിൽ
text_fieldsമക്ക: ലോകത്തിന്റെ നാനാഭാഗത്തുനിന്ന് തീർഥാടകലക്ഷങ്ങൾകൂടി എത്തിയതോടെ മക്കയിലെ ഇന്റർനെറ്റ് ഉപയോഗം റെക്കോഡ് ഉയരത്തിൽ. കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ (സി.എസ്.ടി) കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും ഡേറ്റ ഉപയോഗം 4,601 ടെറാ ബൈറ്റിലെത്തി. ഡിജിറ്റൽ ഡേറ്റയുടെ വലിയ യൂനിറ്റായ ഒരു ടെറാ ബൈറ്റ് (ടി.ബി) 1,000 ജിഗാബൈറ്റിന് തുല്യമാണ്. അതായത് 1.89 ദശലക്ഷം മണിക്കൂർ 1080 പിക്സൽ വിഡിയോകൾക്ക് തുല്യം.
ശരാശരി വ്യക്തിഗത ഇന്റർനെറ്റിന്റെ ഉപയോഗം പ്രതിദിനം 785 എം.ബിയിൽ എത്തിയിരിക്കുന്നതായി കമീഷൻ വ്യക്തമാക്കി. ഇത് ഒരു വ്യക്തിയുടെ അന്താരാഷ്ട്ര ഡേറ്റ ഉപഭോഗമായ 270 എം.ബിയുടെ മൂന്നിരട്ടിയെക്കാൾ കൂടുതലാണെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
മൊബൈൽ ഇന്റർനെറ്റ് ഡൗൺലോഡ് ചെയ്യുന്നതിനും അപ്ലോഡ് ചെയ്യുന്നതിനുമുള്ള ശരാശരി വേഗം യഥാക്രമം സെക്കൻഡിൽ 197.5-27.5 എം.ബിയാണ്. ഇത് മക്കയിലെത്തുന്ന തീർഥാടകരുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും അവരുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം സുഗമമാക്കാനുമുള്ള രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെ മികവ് തെളിയിക്കുന്നതാണെന്നും കമീഷൻ അറിയിച്ചു.
യുട്യൂബ്, ടിക് ടോക്ക്, ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ്, ഫേസ്ബുക്ക് എന്നിവയാണ് തീർഥാടകർ ഏറ്റവും കൂടുതൽ സന്ദർശിക്കുന്നതെന്ന് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ വർഷത്തെ ഹജ്ജ് നിർവഹിക്കുന്ന തീർഥാടകർക്ക് സേവനം നൽകുന്നതിനുള്ള ടെലികമ്യൂണിക്കേഷൻ സംവിധാനങ്ങളുടെ കുറ്റമറ്റ പൂർത്തീകരണം സമയബന്ധിതമായി നിർവഹിക്കാൻ കഴിഞ്ഞതായി അതോറിറ്റി വ്യക്തമാക്കി.
മക്കയിലെ 5ജി ടവറുകളുടെ എണ്ണം 1,205 ശതമാനം വർധിപ്പിച്ചതിന് പുറമെ തീർഥാടകർക്ക് സേവനം നൽകുന്നതിനായി മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും 6,000 കമ്യൂണിക്കേഷൻ ടവറുകളും സ്ഥാപിച്ചതായി കമീഷൻ പറഞ്ഞു. മക്ക, മദീന എന്നിവിടങ്ങളിൽ 2,900ത്തിലധികം ടവറുകൾ, 10,500ലധികം വൈഫൈ ആക്സസ് പോയന്റുകൾ എന്നിവയും ഒരുക്കിയിരിക്കുന്നു.
ഇത് മുൻവർഷങ്ങളെക്കാൾ 118 ശതമാനം വർധനയാണ്. തീർഥാടകരുടെ സാന്നിധ്യം കോവിഡ് മഹാമാരിക്കാലത്തിന് മുമ്പുള്ള അവസ്ഥയിലേക്കു വന്ന സാഹചര്യത്തിലാണ് ഇന്റർനെറ്റ് സംവിധാനങ്ങളെ പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇരട്ടിയാക്കിയതെന്ന് കമ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമീഷൻ വ്യക്തമാക്കിയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.