സാമൂഹികപ്രവർത്തകരുടെ ഇടപെടൽ; സാബിർ അബ്ദുല്ല നാടണഞ്ഞു
text_fieldsറിയാദ്: ഒന്നരമാസം മുമ്പ് റിയാദിൽനിന്ന് കാണാതാവുകയും ഒടുവിൽ കണ്ടെത്തുകയും ചെയ്ത സാബിർ അബ്ദുല്ല സാമൂഹിക പ്രവർത്തകരുടെ ഇടപെടലിനാൽ നാടണഞ്ഞു. രണ്ടു മാസം മുമ്പാണ് കൊല്ലം ചാത്തന്നൂർ സ്വദേശി സാബിർ (24) സൗദിയിലെത്തിയത്. ജോലിയിൽ പ്രവേശിച്ച് നാല് ദിവസങ്ങൾക്ക് ശേഷം റൂമിൽനിന്ന് ഇറങ്ങി നടന്ന സാബിറിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു. തുടർന്ന് സമൂഹമാധ്യമങ്ങൾ വഴി അന്വേഷണം നടത്തുകയും ദിവസങ്ങൾക്ക് ശേഷം കണ്ടെത്തുകയുമായിരുന്നു. തുടർന്ന് കമ്പനി സാബിറിനെ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.
ഒന്നര മാസത്തോളം ജോലിയില്ലാതെ ദുരിതത്തിലായ സാബിറിന്റെ വിഷയം അറിഞ്ഞ നന്മ കരുനാഗപ്പള്ളി പ്രവർത്തകൻ അഖിനാസ് കരുനാഗപ്പള്ളി വിഷയത്തിൽ ഇടപെടുകയും നിയമനടപടികൾ ആരംഭിക്കുകയുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ദവാദ്മിയിൽ വെച്ച് മരിച്ച തന്റെ പിതാവിന്റെ ഖബറിടം കാണണമെന്ന സാബിറിന്റെ ആഗ്രഹം ഇദ്ദേഹം നിറവേറ്റിക്കൊടുക്കുകയും തുടർന്ന് കഴിഞ്ഞ ദിവസം കമ്പനി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ഫൈനൽ എക്സിറ്റ് നേടിയെടുക്കുകയുമായിരുന്നു.
കഴിഞ്ഞ ദിവസം റിയാദിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ സാബിർ അബ്ദുല്ല നാട്ടിലേക്ക് മടങ്ങി. അഖിനാസ് കരുനാഗപ്പള്ളിക്കൊപ്പം സജാദ് ചാത്തന്നൂരും നടപടികൾ പൂർത്തിയാക്കാൻ മുന്നിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.