‘ഇന്ന് നിക്ഷേപിക്കുക; നാളെയെ രൂപപ്പെടുത്തുക’; ഭാവി നിക്ഷേപ സംരംഭകത്വ സമ്മേളനത്തിന് ഇന്ന് റിയാദിൽ തുടക്കം
text_fieldsറിയാദ്: സൗദി അറേബ്യയുടെ ഫ്ലാഗ്ഷിപ് സംരംഭമായ ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (എഫ്.ഐ.ഐ)യുടെ എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിന് ചൊവ്വാഴ്ച റിയാദിൽ തുടക്കമാവും. ‘അനന്തമായ ചക്രവാളങ്ങൾ: ഇന്ന് നിക്ഷേപിക്കുക, നാളയെ രൂപപ്പെടുത്തുക’ എന്ന തലവാചകത്തിൽ വ്യാഴാഴ്ച വരെ നടക്കുന്ന ത്രിദിന സമ്മേളനത്തിൽ ലോകം സംഗമിക്കും.
വ്യത്യസ്ത മേഖലകളിൽ ലോകം നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കണമെന്നതായിരിക്കും ഫോറത്തിന്റെ സുപ്രധാന അജണ്ട. മനുഷ്യരാശിക്ക് സാധ്യമായതിന്റെ അതിരുകൾ ഭേദിച്ച് നിക്ഷേപങ്ങളെ എങ്ങനെ അഭിവൃദ്ധിയിലെത്തിക്കാമെന്നും സുസ്ഥിരമായ ഭാവിയിലേക്ക് നയിക്കാമെന്നുമുള്ള ചർച്ചകളാണ് ത്രിദിന സമ്മേളനത്തിൽ നടക്കുക.
ലോകമെമ്പാടുമുള്ള നിക്ഷേപകർക്കായുള്ള സൗദി അറേബ്യയുടെ ഈ സംരംഭം ഓരോ പതിപ്പ് കഴിയുമ്പോഴും വലിയ വിജയമായി മാറുകയാണ്. ഇത്തവണ കൂടുതൽ നിക്ഷേപകരും വിദഗ്ധരും പുതിയ കമ്പനികളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എട്ടു വർഷമായി റിയാദിൽ നടക്കുന്ന ഫോറത്തിന്റെ ഈ പതിപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രധാന വിഷയങ്ങളിലൊന്നായിരിക്കും.
പുനരുപയോഗ ഊർജം, ആരോഗ്യ സംരക്ഷണ മേഖലകൾ, സർക്കാർ പ്രക്രിയകൾ എന്നിവയും മറ്റും എ.ഐ തടസ്സപ്പെടുത്തുന്ന രീതികൾ പരിശോധിക്കാൻ നിരവധി സെഷനുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 5,000-ത്തിലധികം അതിഥികളും 500 പ്രഭാഷകരും പങ്കെടുക്കും.
സമകാലിക നിക്ഷേപ സാധ്യതകളും വെല്ലുവിളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവതരിപ്പിക്കപ്പെടും. സാമ്പത്തിക സുസ്ഥിരത, ന്യായമായ വികസനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കൽ, നിർമിത ബുദ്ധി, നവീകരണം, ആരോഗ്യം, ജിയോപൊളിറ്റിക്കൽ പ്രശ്നങ്ങൾ എന്നിവയെ കേന്ദ്രീകരിച്ചുള്ള 200-ലധികം സെഷനുകൾ ഇതിൽ ഉൾപ്പെടുന്നു.
ലക്ഷ്യബോധമുള്ള വർത്തമാനവും വാഗ്ദാനപ്രദമായ ഭാവിയും സൃഷ്ടിക്കുന്നതിനുള്ള എഫ്.ഐ.ഐയുടെ ദൗത്യനിർഹവണത്തിനുള്ള അടുത്ത ഘട്ടത്തിലേക്കുള്ള ചുവടുവെപ്പായിരിക്കും ഈ വർഷത്തെ സമ്മേളനം.
ഒപ്പം മനുഷ്യരാശിയെ സേവിക്കുന്നതിന് സന്നദ്ധമായ മനസ്സുകളെയും കൃത്യമായ പരിഹാരങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനുള്ള കാഴ്ചപ്പാടിന്റെ പ്രതിഫലനവും. ഏഴാം പതിപ്പിൽ 1,900 കോടി ഡോളറിന്റെ കരാറുകളാണ് ഒപ്പുവെക്കപ്പെട്ടത്. അതിന്റെ വിപുലീകരണമായിരിക്കും ഈ വർഷത്തെ സമ്മേളനം.
സമ്മേളനത്തിൽ ഇന്ത്യയുടെ ഭാഗത്തുനിന്ന് വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലും സംഘവും പങ്കെടുക്കും. പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫും സംഘവും സമ്മേളനത്തിനെത്തുന്നുണ്ട്.
2017-ലാണ് ആഗോളതലത്തിൽ നിക്ഷേപകർക്ക് സൗകര്യങ്ങളൊരുക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനമായി സൗദി അറേബ്യ എഫ്.ഐ.ഐ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.