‘ബ്രിക്സി’ൽ ചേരാനുള്ള ക്ഷണം: പഠിച്ച് തീരുമാനമെടുക്കും
text_fieldsജിദ്ദ: തങ്ങളോടൊപ്പം ചേരാനുള്ള ‘ബ്രിക്സ്’ രാജ്യങ്ങളുടെ ക്ഷണം സംബന്ധിച്ച് പഠിക്കുകയാണെന്നും ഉചിതമായ തീരുമാനമെടുക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. സാമ്പത്തിക പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിൽ രാജ്യം സ്വന്തം വിദേശനയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
ശക്തമായ സാമ്പത്തിക വളർച്ചക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് 2050ഓടെ ലോക സമ്പദ്വ്യവസ്ഥയിൽ ആധിപത്യം സ്ഥാപിക്കുക ലക്ഷ്യമിട്ട് വളർന്നുവരുന്ന വിപണി രാജ്യങ്ങളുടെ ഒരു വിശകലന ഗ്രൂപ്പെന്ന നിലയിൽ ബ്രിക്സിന്റെ ക്ഷണം ഞങ്ങൾ വിലമതിക്കുകയും അത് പഠിക്കുകയും ചെയ്യുന്നു. സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിനുള്ള പ്രധാന ചാനലാണ് ബ്രിക്സ് എന്നും ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബർഗിൽ നടക്കുന്ന ബ്രിക്സ് ഗ്രൂപ്പിന്റെ ഡയലോഗ് സെഷനിൽ പ്രസംഗിക്കവേ അദ്ദേഹം വ്യക്തമാക്കി.
രാജ്യങ്ങളുടെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും മാനിക്കുന്നതിനും സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കുന്നതിനുമുള്ള തത്ത്വത്തിൽ ഞങ്ങൾ ശ്രദ്ധാലുക്കളാണ്.
അന്താരാഷ്ട്ര സഹകരണം നിലനിർത്തുന്നതിൽ സൗദി സ്വന്തം ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ആഗ്രഹിക്കുന്നു. ബ്രിക്സ് രാജ്യങ്ങളുമായി തന്ത്രപരമായ ബന്ധം ആസ്വദിക്കുകയാണ്. ബ്രിക്സ് ഗ്രൂപ്പിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി എന്ന നിലയിൽ രാജ്യത്തിന് അഭിമാനവുമുണ്ട്. അതേസമയം ആഗോള ലക്ഷ്യങ്ങളും സുസ്ഥിര വികസനവും കൈവരിക്കുന്നതിനുള്ള ആത്മവിശ്വാസത്തിലൂന്നിയ ചുവടുകളുമായാണ് സൗദി അറേബ്യ മുന്നോട്ടുപോകുന്നത്. അതിന് തക്ക സാമ്പത്തിക ശേഷിയും ചേരുവകളുമുണ്ട്. ഊർജ വിതരണ രംഗത്ത് സുരക്ഷിതവും വിശ്വസനീയവുമായ സ്രോതസ്സായി സൗദി അറേബ്യ ഇനിയും തുടരുമെന്നും അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഊർജ വിപണിയിൽ സ്ഥിരത കൈവരിക്കുന്നതിൽ സൗദിക്ക് ഫലപ്രദമായ ഉപകരണങ്ങളും ഉത്തരവാദിത്തവുമുണ്ട്.
പശ്ചിമേഷ്യൻ മേഖലയിൽ ബ്രിക്സ് ഗ്രൂപ്പിലെ രാജ്യങ്ങളുമായുള്ള മൊത്തം ഉഭയകക്ഷി വ്യാപാരം 2022ൽ 160 ശതകോടി ഡോളർ കവിഞ്ഞിട്ടുണ്ട്. ഇത് ഗ്രൂപ്പുമായുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നതാണ്. കൂടുതൽ സഹകരണത്തിനായി ഞങ്ങൾ പ്രതീക്ഷിക്കുകയാണെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. സൗദി അറേബ്യ, ഈജിപ്ത്, യു.എ.ഇ, അർജൻറീന, ഇറാൻ, ഇത്യോപ്യ എന്നീ ആറ് രാജ്യങ്ങളെ അംഗത്വത്തിലേക്ക് ക്ഷണിക്കാൻ ബ്രിക്സ് ഗ്രൂപ് രാജ്യങ്ങൾ തീരുമാനിച്ച വിവരം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമാഫോസയാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.
ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പിന്റെ അംഗത്വം വർധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചർച്ച വ്യാഴാഴ്ച അവസാനിച്ച ത്രിദിന ഉച്ചകോടിയുടെ മുഖ്യ അജണ്ടയായിരുന്നു. ബ്രിക്സ് ഗ്രൂപ്പിൽ ചേരുന്ന പുതിയ രാജ്യങ്ങളുടെ അംഗത്വം 2024 ജനുവരി ഒന്നുമുതലാണ് ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.