സാമൂഹികപ്രവർത്തകരുടെ ഇടപെടൽ : അസുഖബാധിതയായ കസ്തൂരി നാട്ടിലേക്ക് മടങ്ങി
text_fieldsദമ്മാം: ഭാഷയുടെ അതിർത്തികൾ മറന്ന് സ്വദേശികളും വിദേശികളുമായ ഒരുപറ്റം സുമനസ്സുകൾ കൈകോർത്തപ്പോൾ, രോഗബാധിതയായി വിഷമത്തിലായ തമിഴ്നാട്ടുകാരി കസ്തൂരിക്ക് നാട്ടിലേക്കുള്ള വഴിയൊരുങ്ങി.
തമിഴ്നാട് പുതുകുപ്പം സ്വദേശിനിയായ കസ്തൂരി രാജേന്ദ്രൻ രണ്ടര വർഷം മുമ്പാണ് സൗദിയിൽ റിയാദിലുള്ള ഒരു വീട്ടിൽ ജോലിക്ക് എത്തിയത്. ഒന്നരവർഷത്തോളം ജോലി ചെയ്തു കഴിഞ്ഞപ്പോൾ, വൃക്കരോഗം ബാധിച്ചതിനെത്തുടർന്ന്, ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ ആയി. നാട്ടിലേക്ക് തന്നെ തിരികെ അയക്കണമെന്ന് സ്പോൺസറോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല.
ഇത്രയും കാലമായിട്ടും കസ്തൂരിക്ക് ഇഖാമ ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം. നാട്ടിൽ പോകണമെങ്കിൽ ഇഖാമ എടുക്കാനും വൈകിയതിെൻറ പിഴ അടക്കാനും ഒരുപാട് കാശ് ചെലവുണ്ടെന്നും ആ കാശ് കസ്തൂരി തന്നെ നൽകണമെന്നുമായിരുന്നു സ്പോൺസറുടെ നിലപാട്. സ്വന്തം കാശ് ചെലവാക്കി നിയമനടപടികൾ സ്വയം പൂർത്തിയാക്കി, നാട്ടിലേക്ക് മടങ്ങാൻ സ്പോൺസർ കസ്തൂരിയോട് നിർദേശിച്ചു. എന്നാൽ നിർധനയായ കസ്തൂരിക്ക് അതിനു കഴിയുമായിരുന്നില്ല.
കസ്തൂരി റിയാദിലെ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയെങ്കിലും സ്പോൺസറുടെ നിസ്സഹകരണം കാരണം ഒന്നും നടന്നില്ല. എംബസി ഉദ്യോഗസ്ഥർ നവയുഗം കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, കസ്തൂരിയെ ദമ്മാമിലേക്ക് അയച്ചാൽ നാട്ടിലേക്ക് കയറ്റിവിടാൻ കഴിയുമോ എന്ന് അന്വേഷിച്ചു. നവയുഗം ജീവകാരുണ്യവിഭാഗവുമായും ദമ്മാം വനിത അഭയകേന്ദ്രം ഉദ്യോഗസ്ഥരുമായും സംസാരിച്ച ശേഷം, മഞ്ജു സമ്മതം അറിയിച്ചു. തുടർന്ന് കസ്തൂരിയെ എംബസി ദമ്മാമിൽ മഞ്ജുവിനടുത്തേക്ക് അയച്ചു.
ദമ്മാമിൽ എത്തിയ കസ്തൂരിയെ നവയുഗം ജീവകാരുണ്യപ്രവർത്തകർ, ആദ്യം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി റിപ്പോർട്ട് ചെയ്ത ശേഷം, ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു. എത്രയും പെട്ടെന്ന് പിഴ അടച്ച് ഇഖാമ എടുത്താൽ, ഫൈനൽ എക്സിറ്റ് നൽകാമെന്ന് അഭയകേന്ദ്രം ഡയറക്ടർ ഉറപ്പ് നൽകി. ദമ്മാമിലെ തമിഴ് സംഘം പ്രവർത്തകർ ഇതിനുള്ള പണം സ്വരൂപിച്ച് നൽകാൻ മുന്നോട്ട് വന്നതോടെ കാര്യങ്ങൾ എളുപ്പമായി. കഴിഞ്ഞദിവസം നിയമനടപടികൾ പൂർത്തിയാക്കി എല്ലാവർക്കും നന്ദി പറഞ്ഞു കസ്തൂരി നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.