ഇറാനും സൗദിയും മഹത്തായ രാഷ്ട്രങ്ങൾ - ഇറാൻ പ്രസിഡന്റ്
text_fieldsറിയാദ്: ഇറാനും സൗദി അറേബ്യയും രണ്ട് മഹത്തായ രാഷ്ട്രങ്ങളാണെന്നും ഇവ തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത് മേഖലയിലെ സമവാക്യങ്ങളിൽ കാര്യമായ മാറ്റം വരുത്തി ‘ശരിയായ ക്രമ’ത്തിലേക്ക് എത്തിക്കുമെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി പറഞ്ഞു.
സുപ്രധാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന തന്റെ സിറിയൻ സന്ദർശനവേളയിൽ സിറിയൻ ഔദ്യോഗിക വാർത്ത ഏജൻസിയായ ‘സന’ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഏറെ പ്രധാനമാണെന്ന് പറഞ്ഞ ഇറാൻ പ്രസിഡന്റ് സൗദി അറേബ്യയെ ശത്രുവായി കണക്കാക്കാനോ ആ രാജ്യത്തോട് ശത്രുത പുലർത്താനോ സാധ്യമല്ലെന്ന് വ്യക്തമാക്കി.
സിറിയയും തുർക്കിയയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ട് റഷ്യൻ സഹായത്തോടെ നടക്കുന്ന ചർച്ചകളിൽ ഇറാൻ മധ്യസ്ഥത വഹിക്കുന്നുണ്ടെന്ന് റെയ്സി തന്റെ അഭിമുഖത്തിൽ വ്യക്തമാക്കി. മേഖലയിലും ലോകത്തും പ്രാധാന്യമുള്ള രാജ്യമെന്ന നിലയിൽ മുസ്ലിം രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും യോജിപ്പിലെത്തിക്കുന്നതിനും അവരുടെ ആഭ്യന്തര പ്രശ്നങ്ങൾ സംഭാഷണത്തിലൂടെയും ചർച്ചകളിലൂടെയും തീർക്കുന്നതിനും ഇറാൻ അതിന്റെതായ പങ്ക് വഹിക്കുമെന്നും റെയ്സി പറഞ്ഞു.
സിറിയ, ഇറാൻ, തുർക്കിയ, റഷ്യ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ വരും ദിവസങ്ങളിൽ മോസ്കോയിൽ സമ്മേളിക്കാനിരിക്കവേയാണ് ഇറാൻ പ്രസിഡന്റിന്റെ ദമസ്കസ് സന്ദർശനം. ആഭ്യന്തര യുദ്ധകാലത്ത് സ്വന്തം ജനതയെ ക്രൂരമായ അടിച്ചമർത്തലിന് വിധേയമാക്കിയതടക്കമുള്ള കാരണങ്ങളാൽ 2011ൽ പുറത്താക്കപ്പെട്ട സിറിയയെ മാറിയ സാഹചര്യത്തിൽ തിരിച്ചെടുക്കുന്നത് ചർച്ച ചെയ്യാൻ ഞായറാഴ്ച അറബ് ലീഗ് വിദേശകാര്യ മന്ത്രിമാർ യോഗം ചേരാനിരിക്കവേയാണ് ഇറാൻ പ്രസിഡന്റിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. ദീർഘകാല സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് ബശ്ശാർ അൽ-അസദിന്റെ സഹായിയായിരുന്നു ഇറാൻ. വിമതരിൽ നിന്ന് കൂടുതൽ ഭൂപ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ അസദിന് സാധിച്ചത് ഇറാന്റെ സഹായത്തോടെയാണ്. എങ്കിലും 2010ന് ശേഷം ആദ്യമായാണ് ഒരു ഇറാൻ പ്രസിഡന്റ് സിറിയ സന്ദർശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.