ഇറാൻ മധ്യപൗരസ്ത്യ മേഖലയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു –സൗദി വിദേശകാര്യ മന്ത്രി
text_fieldsജിദ്ദ: അയൽരാജ്യങ്ങളുടെ സുരക്ഷ അസ്ഥിരപ്പെടുത്തുന്നതിനായി ഇറാൻ വിഭവങ്ങൾ പാഴാക്കുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ആരോപിച്ചു. റഷ്യൻ സന്ദർശനത്തിനിടെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനോടൊപ്പം നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് അയൽരാജ്യങ്ങളിൽ അനാവശ്യ ഇടപെടൽ നടത്തി മേഖലയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്ന് സൗദി മന്ത്രി ഇറാനെതിരെ ആഞ്ഞടിച്ചത്. മേഖലയിൽ നാശം വിതക്കുകയാണ്.
വിമത സായുധ സംഘങ്ങൾക്ക് ധനസഹായം നൽകുന്നതിനു പകരം ഇറാനിയൻ ജനതയുടെ ക്ഷേമം ഉറപ്പുവരുത്താനും അവരുടെ ജീവിതശേഷി ഉയർത്താനുമാണ് ശ്രമിക്കേണ്ടതെന്ന് ഇറാനോട് അമീർ ഫർഹാൻ ആവശ്യപ്പെട്ടു. ഇറാനിയൻ ഭരണകൂടം മധ്യപൗരസ്ത്യ മേഖലയിൽ അതിെൻറ പങ്കു സംബന്ധിച്ച നിലപാടിൽ മാറ്റം വരുത്തണം. അത് സംഭവിക്കുേമ്പാൾ കാര്യങ്ങളിൽ മാറ്റം വരും. മേഖലയിൽ രാഷ്ട്രീയ സ്ഥിരത കൈവരിക്കുന്നതിനായി സൗദി അറേബ്യ മുന്നേറ്റം നടത്തുകയാണ്. യമനിൽ റിയാദ് കരാർ നടപ്പാക്കൽ വിജയകരമാണ്. ഇറാൻ പിന്തുണയുള്ള ഹൂതികൾ യമനിൽ സമാധാനം തകർക്കുകയാണെന്നും വിദേശകാര്യ മന്ത്രി ആരോപിച്ചു.
റഷ്യയുമായുള്ള സഹകരണം എണ്ണവില സ്ഥിരപ്പെടുത്തുന്നതിന് സഹായകമായി. ലിബിയയിൽ ബാഹ്യ ഇടപെടലില്ലാതെ പരിഹാരമുണ്ടാകണമെന്നാണ് സൗദി അറേബ്യയുടെ ആവശ്യം. സിറിയയിൽ ഇറാൻ പിന്തുണയുള്ള സായുധ സംഘങ്ങൾ പ്രശ്ന പരിഹാരങ്ങൾക്ക് തടസ്സം നിൽക്കുകയാണെന്നും സിറിയൻ പ്രതിസന്ധിയെക്കുറിച്ച് വിദേശകാര്യമന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലും ഏകോപനവും സഹകരണവും വർധിപ്പിക്കുകയാണ് തെൻറ റഷ്യൻ സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നത്. ഹൂതികളെ തീവ്രവാദ ഗ്രൂപ്പായി കണക്കാക്കാനുള്ള വാഷിങ്ടണിെൻറ തീരുമാനത്തെ രാജ്യം പിന്തുണക്കുന്നുവെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
സൗദി അറേബ്യയിൽ നടന്ന അൽഉല ഉച്ചകോടിയെയും അതിലുണ്ടായ കരാറുകളെയും റഷ്യ സ്വാഗതം ചെയ്യുന്നുവെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി ലാവ്റോവ് പറഞ്ഞു. അറബ് ഗൾഫ് മേഖലയിലെ സ്ഥിരത കൈവരിക്കാൻ മോസ്കോക്ക് അതിയായ താൽപര്യമുണ്ട്. മേഖലയിലെ പ്രശ്നങ്ങളിൽ വിദേശ ഇടപെടൽ നിരസിക്കുന്ന സൗദി നിലപാടിനെ പിന്തുണക്കുന്നുവെന്നും റഷ്യൻ വിദേശകാര്യമന്ത്രി പറഞ്ഞു. ലിബിയൻ പ്രശ്നത്തിൽ എല്ലാ പാർട്ടികളുടെയും പങ്കാളിത്തത്തേടെ സമഗ്രമായ രാഷ്ട്രീയപരിഹാരത്തെ പിന്തുണക്കുന്നു. കോവിഡിനെ നേരിടുന്നതിനും എണ്ണ വിപണിയിൽ സ്ഥിരത സൃഷ്ടിക്കാനും റഷ്യ സൗദി അറേബ്യയുമായി സഹകരിക്കുന്നുണ്ടെന്നും റഷ്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
വാർത്താസമ്മേളനത്തിന് മുമ്പ് ഇരു വിദേശകാര്യ മന്ത്രിമാരും ഒൗദ്യേഗിക ചർച്ച നടത്തി. ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. കൂടാതെ, പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ സംയുക്ത ഏകോപനം വർധിപ്പിക്കൽ, വിവിധ മേഖലയിൽ സഹകരണം വികസിപ്പിക്കൽ, ആഗോള ഉൗർജ വിപണിയിലെ സ്ഥിരത ഉറപ്പാക്കൽ തുടങ്ങിയവയും ചർച്ച ചെയ്തു. റഷ്യയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ സുലൈമാൻ അൽഅഹ്മദും കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.