ആശങ്ക പ്രകടിപ്പിച്ച് സൗദി; മേഖലയിൽ സുരക്ഷയും സ്ഥിരതയും പ്രധാനമെന്ന് ജി.സി.സി കൗൺസിൽ
text_fieldsറിയാദ്: മധ്യപൗരസ്ത്യ മേഖലയിലെ സൈനിക മുന്നേറ്റങ്ങളെയും തുടർന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളുടെ ഗൗരവത്തെക്കുറിച്ചും സൗദി അറേബ്യ ആശങ്ക പ്രകടിപ്പിച്ചു. എല്ലാ കക്ഷികളോടും അങ്ങേയറ്റം സംയമനം പാലിക്കാനും പ്രദേശത്തെയും അതിലെ ജനങ്ങളെയും യുദ്ധത്തിന്റെ അപകടങ്ങളിൽനിന്ന് രക്ഷിക്കാനും ആഹ്വാനം ചെയ്യുന്നുവെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിർത്തുന്നതിന് സുരക്ഷാ കൗൺസിൽ അതിന്റെ ഉത്തരവാദിത്തം നിറവേറ്റേണ്ടതിന്റെ ആവശ്യകത ആവശ്യപ്പെടുന്ന സൗദിയുടെ നിലപാട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ചും ആഗോള സമാധാനത്തോടും സുരക്ഷയോടും അങ്ങേയറ്റം സെൻസിറ്റീവ് ആയ മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നത് തടയണം. അത് വികസിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ശനിയാഴ്ച ഇറാൻ റവലുഷണറി ഗാർഡ് ഡ്രോണുകളും മിസൈലുകളും അയച്ച് ഇസ്രായേലിൽ നടത്തിയ ആക്രണമത്തെ തുടർന്നാണ് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്.
മധ്യപൗരസ്ത്യ മേഖലയിലെ ഏറ്റവും ഒടുവിലെ സംഭവവികാസങ്ങളുടെ വെളിച്ചത്തിൽ പ്രാദേശികവും ആഗോളവുമായ സുരക്ഷയും സ്ഥിരതയും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഗൾഫ് സഹകരണ കൗൺസിൽ. മേഖലയുടെ സുസ്ഥിരതക്കും അവിടത്തെ ജനങ്ങളുടെ സുരക്ഷക്കും ഭീഷണിയാകുന്ന തരത്തിൽ കൂടുതൽ സംഘർഷം ഉണ്ടാകുന്നത് തടയാൻ എല്ലാ കക്ഷികളോടും പരമാവധി സംയമനം പാലിക്കണമെന്ന് ഗൾഫ് സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ആഹ്വാനം ചെയ്തു.
കൂടുതൽ സൈനിക മുന്നേറ്റത്തിലേക്ക് നയിച്ചേക്കാവുന്ന ഏതെങ്കിലും പ്രത്യാഘാതങ്ങൾ ഒഴിവാക്കാനുള്ള സമാധാനവും സ്ഥിരതയുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ പങ്ക് അൽ ബുദൈവി എടുത്തു പറഞ്ഞു. പ്രാദേശികവും ആഗോളവുമായ സുരക്ഷയും സമാധാനവും നിലനിർത്താൻ പ്രതിജ്ഞാബദ്ധരാകാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.