ഇറാൻ-സൗദി ബന്ധം ലോകത്ത് പ്രതിഫലനമുണ്ടാക്കും -സൗദി വിദേശകാര്യമന്ത്രി
text_fieldsജിദ്ദ: ഇറാൻ-സൗദി ബന്ധത്തിന്റെ പുനഃസ്ഥാപനം മേഖലയിലും ലോകത്തും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ഇറാൻ സന്ദർശനത്തിനിടെ ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാനുമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സൗദിയും ഇറാനും മേഖലയിലെ രണ്ട് പ്രധാന രാജ്യങ്ങളാണ്. ആ രാജ്യങ്ങൾക്കിടയിലെ ബന്ധം സാഹോദര്യത്തിന്റെയും നല്ല അയൽപക്കത്തിന്റെയും സാധാരണ ബന്ധമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷ സഹകരണത്തിന്റെ പ്രാധാന്യം വിദേശകാര്യ മന്ത്രി സൂചിപ്പിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ പൂർണവും പരസ്പര ബഹുമാനവും സ്വാതന്ത്ര്യം, പരമാധികാരം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കൽ എന്നിവയുടെ വ്യക്തമായ അടിസ്ഥാനത്തിലും അന്താരാഷ്ട്ര നിയമങ്ങൾക്കും തത്ത്വങ്ങൾക്കും അസുസൃതമാണെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു. 2023 മാർച്ച് 10ന് ബെയ്ജിങ്ങിൽ ഒപ്പുവെച്ച കരാർ നടപ്പാക്കുന്നതിന്റെ പൂർത്തീകരണത്തിന്റെ ഭാഗമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നത്. അത് ക്രിയാത്മകവും വ്യക്തവുമാണ്. ഇരു രാജ്യങ്ങളിലെയും നയതന്ത്ര, കോൺസുലർ ദൗത്യങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. റിയാദിൽ ഇറാൻ എംബസിയും ജിദ്ദയിൽ ഇറാൻ കോൺസുലേറ്റും പ്രവർത്തനമാരംഭിച്ചു. ഉടൻ തന്നെ തെഹ്റാനിൽ സൗദി എംബസി തുറക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഹജ്ജ് നിർവഹിക്കാനുള്ള ഇറാൻ തീർഥാടകരുടെ വരവിനെ വിദേശകാര്യ മന്ത്രി സ്വാഗതം ചെയ്തു.
ശനിയാഴ്ചയാണ് സൗദി വിദേശകാര്യ മന്ത്രി ഇറാൻ തലസ്ഥാനമായ തെഹ്റാനിലെത്തിയത്. വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് സൗദി വിദേശകാര്യ മന്ത്രി ഇറാൻ സന്ദർശിക്കുന്നത്. സന്ദർശനത്തിനിടെ ഇറാൻ ഭരണകൂടത്തിലെ പ്രമുഖരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. തെഹ്റാനിൽ സൗദി കോൺസുലേറ്റ് വീണ്ടും തുറക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് സൗദി സാങ്കേതിക സംഘം തെഹ്റാനിലുണ്ട്. നാസർ ബിൻ അവാദ് അൽ ഗാനൂമിന്റെ നേതൃത്വത്തിലുള്ള സൗദി സാങ്കേതിക സംഘം ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ചീഫ് ഓഫ് പ്രോട്ടോക്കോൾ അംബാസഡറുമായി തെഹ്റാനിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.