പരസ്പരം സന്ദർശനത്തിന് ക്ഷണിച്ച് സൗദി രാജാവും ഇറാൻ പ്രസിഡന്റും
text_fieldsറിയാദ്: ഏഴ് വർഷത്തെ അകൽച്ചക്ക് ശേഷം നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ പരസ്പരം സന്ദർശനത്തിന് ക്ഷണിച്ച് സൗദി അറേബ്യയുടെയും ഇറാന്റെയും ഭരണാധിപന്മാർ. ചൈനീസ് മധ്യസ്ഥതയിൽ ബെയ്‌ജിങ്ങിൽ ഇത് സംബന്ധിച്ച കരാർ ഒപ്പുവെച്ച് ഏറെ വൈകാതെ തന്നെ സൽമാൻ രാജാവ് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ റിയാദിലേക്ക് ക്ഷണിച്ചിരുന്നു. ഇത് സ്വാഗതം ചെയ്ത ഇറാൻ പ്രസിഡന്റ്, സൽമാൻ രാജാവിനെ ഔദ്യോഗിക സന്ദർശനത്തിന് തെഹ്റാനിലേക്ക് ക്ഷണിച്ചതായി നയതന്ത്ര വക്താവ് നാസർ കൻആനിയെ ഉദ്ധരിച്ച് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാനിയൻ പ്രസിഡന്റിന്റെ രാഷ്ട്രീയ കാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷീദിയും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
സന്ദർശനങ്ങൾ എപ്പോഴാണ് നടക്കുക എന്ന് പറയാനാവില്ലെന്ന് സൂചിപ്പിച്ച കൻആനി ഇരുരാഷ്ട്ര നേതൃത്വങ്ങളുടെയും സന്ദർശങ്ങനങ്ങളും ആശയവിനിമയങ്ങളും തൽക്കാലം വിദേശകാര്യ മന്ത്രാലയ തലത്തിൽ നടക്കുമെന്ന് തെഹ്റാനിൽ നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നയതന്ത്ര ബന്ധം അവസാനിക്കുന്നതിന് മുമ്പ് ഒപ്പിട്ട രണ്ട് സമഗ്ര കരാറുകൾ പ്രാവർത്തികമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
മാർച്ച് 10 ലെ അനുരഞ്ജന കരാർ നടപ്പാക്കുന്നതിലെ വേഗതയെ അഭിനന്ദിച്ച കൻആനി ഇരു രാജ്യങ്ങളുടെയും എംബസികൾ മെയ് ഒമ്പതിന് തുറക്കുമെന്ന് പറഞ്ഞു. "ഇരുരാജ്യത്തെയും നയതന്ത്ര പ്രതിനിധികൾ പരസ്പരം നന്നായി ഇടപെട്ടു. കാര്യാലയങ്ങൾ തുറന്നിട്ടില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ബന്ധം പ്രായോഗിക തലത്തിൽ പുനഃസ്ഥാപിക്കപ്പെട്ടു കഴിഞ്ഞു" അദ്ദേഹം പറഞ്ഞു. ഹജ്ജ് അടുത്തുവരുന്ന സ്ഥിതിക്ക് നയതന്ത്ര ദൗത്യങ്ങൾ പരമാവധി വേഗത്തിൽ നിർവഹിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും കൻആനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.