ഇറാന്റെ പ്രവർത്തനങ്ങൾ മധ്യപൗരസ്ത്യ മേഖലയെ അസ്ഥിരപ്പെടുത്തുന്നു -ജോ ബൈഡൻ
text_fieldsജിദ്ദ: ഇറാന്റെ പ്രവർത്തനങ്ങൾ മധ്യപൗരസ്ത്യ മേഖലയെ അസ്ഥിരപ്പെടുത്തുന്നുവെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു. ജിദ്ദ ഉച്ചകോടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചതിന് സൗദിയോട് അദ്ദേഹം നന്ദി പറഞ്ഞു. മേഖലയിലെ തീവ്രവാദ ഭീഷണികളെ നേരിടാൻ ഞങ്ങൾ ദൃഢനിശ്ചയത്തിലാണ്. തീവ്രവാദത്തെ നേരിടാൻ മേഖലയിലെ ഞങ്ങളുടെ സഖ്യകക്ഷികൾക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റായ ശേഷമുള്ള ആദ്യ മധ്യപൗരസ്ത്യ സന്ദർശനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച് ജിദ്ദയിൽ ജി.സി.സി രാജ്യങ്ങൾ, ഇറാഖ്, ജോർദാൻ, ഈജിപ്ത് എന്നിവയുടെ നേതാക്കളുമായി നടത്തിയ ഉച്ചകോടിയിലാണ് അദ്ദേഹം പങ്കെടുത്തത്.
ഇറാൻ ഒരിക്കലും ആണവായുധം നേടുന്നില്ലെന്ന് ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണ്. വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും മേഖലയിലെ വ്യോമാക്രമണങ്ങളെ ചെറുക്കുന്നതിന് മുൻകൂർ മുന്നറിയിപ്പ് നൽകുമെന്നും ബൈഡൻ പറഞ്ഞു. യമനിലെ വെടിനിർത്തലിനെ പിന്തുണയ്ക്കുന്നതിൽ മേഖലയിലെ രാജ്യങ്ങളുടെ പങ്കിനെ ബൈഡൻ സ്വാഗതം ചെയ്തു. ഉടമ്പടി അതിന്റെ പതിനഞ്ചാം ആഴ്‌ചയിലെത്തിയെന്നും അവിടെയുള്ള പ്രതിസന്ധി പരിഹരിക്കാൻ ഞങ്ങൾ പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജോർദാനിലും മറ്റു രാജ്യങ്ങളിലും സ്വതന്ത്ര വ്യാപാര കരാറുകളും സൗദി നിക്ഷേപങ്ങളും ഉണ്ടാകും. ഞങ്ങളുടെ ലക്ഷ്യങ്ങൾ കേന്ദ്രീകൃതവും നേടിയെടുക്കാവുന്നതുമാണ്. ഒരു ഏകീകൃത മധ്യപൗരസ്ത്യ മേഖലയുടെ പശ്ചാത്തലത്തിൽ ഞങ്ങൾ പ്രവർത്തിക്കുമെന്നും അമേരിക്കൻ പ്രസിഡൻറ് ചൂണ്ടിക്കാട്ടി. ഈ മേഖലയിലെ ജനത്തെ അടിച്ചമർത്താൻ ബാഹ്യശക്തികളെ അമേരിക്ക അനുവദിക്കില്ലെന്നും ഊന്നിപ്പറഞ്ഞു. അമേരിക്ക മധ്യപൗരസ്ത്യ രാജ്യങ്ങളുടെ ഏറ്റവും സജീവ പങ്കാളിയായി തുടരും. ഞങ്ങൾ ഈ മേഖലയിൽ പ്രവർത്തിക്കുകയും സുസ്ഥിര സാമ്പത്തിക ബന്ധം സ്ഥാപിക്കുകയും ചെയ്യും. അമേരിക്കൻ താൽപ്പര്യങ്ങൾ മധ്യപൗരസ്ത്യ രാജ്യങ്ങളുടെ വിജയങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വാഷിങ്ടൺ ഒരിക്കലും മധ്യപൗരസ്ത്യ മേഖലയെ 'ഉപേക്ഷിക്കില്ലെ'ന്നും ഇവിടെ ദശാബ്ദങ്ങളായി അത് ഒരു നിർണായക രാഷ്ട്രീയവും സൈനികവുമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുകയാണെന്നും ഗൾഫിലെയും മറ്റ് അറബ് രാജ്യങ്ങളിലെയും നേതാക്കളെ ബൈഡൻ അറിയിച്ചു. ഇവിടെ എന്തെങ്കിലും ശൂന്യതയുണ്ടെങ്കിൽ അത് നികത്താൻ മറ്റ് ശക്തികളെ അനുവദിക്കില്ല. ചൈനയോ റഷ്യയോ ഇറാനോ നികത്തുന്ന ഒരു ശൂന്യത ഞങ്ങൾ അവശേഷിപ്പിക്കില്ലെന്നും അമേരിക്കൻ പ്രസിഡൻറ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.