വേർപെടുത്തൽ ശസ്ത്രക്രിയക്കായി ഇറാഖി സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു
text_fieldsജിദ്ദ: വേർപെടുത്തൽ ശസ്ത്രക്രിയക്കായി ഇറാഖി സയാമീസ് ഇരട്ടകളെ റിയാദിലെത്തിച്ചു. സൽമാൻ രാജാവ് നിർദേശിച്ചതിനെ തുടർന്നാണ് ഉമർ, അലി എന്നീ സഹോദരങ്ങളെ മാതാപിതാക്കളോടൊപ്പം റിയാദിലെത്തിച്ചത്. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഇവരെ ആരോഗ്യ പരിശോധനക്കായി നാഷനൽ ഗാർഡ് മന്ത്രാലയത്തിലെ കിങ് അബ്ദുല്ല സ്പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ശസ്ത്രക്രിയ സാധ്യമാണോ എന്നാണ് സൂക്ഷ്മതലത്തിൽ മെഡിക്കൽ സംഘം പരിശോധിക്കുക.
സയാമീസ് ഇരട്ടകളെ വേർപിരിക്കുന്നതിനുള്ള സൗദി പദ്ധതിക്ക് സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നൽകുന്ന പിന്തുണക്ക് ശസ്ത്രക്രിയ വിദഗ്ധനും കിങ് സൽമാൻ റിലീഫ് സെന്റർ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ല അൽറബീഅ നന്ദി അറിയിച്ചു.
ലോകമെമ്പാടുമുള്ള ദുരിതബാധിതരോട് സൗദി ഭരണകൂടം പുലർത്തുന്ന ഉദാര സമീപനത്തെയും മാനവിക ബോധത്തെയുമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സയാമീസ് ഇരട്ടകളെ വേർപിരിക്കുന്ന ശസ്ത്രക്രിയയുടെ കാര്യത്തിൽ ലോകത്ത് സൗദി അറേബ്യക്ക് പ്രമുഖ സ്ഥാനമാണുള്ളത്. അതിന് പ്രാപ്തമാക്കിയത് ഏറ്റവും മികച്ചതും നൂതന സാങ്കേതികവിദ്യ അവലംബിച്ചതുമായ രാജ്യത്തെ മെഡിക്കൽ സൗകര്യങ്ങളാണ്. സൗദിയിൽ എത്തിയതു മുതൽ അനുഭവിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യത്തിനും സയാമീസ് ഇരട്ടകളുടെ പിതാവും മാതാവും സൽമാൻ രാജാവിനും കിരീടാവകാശിക്കും സൗദി ജനതക്കും നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.