ഉംറ തീർഥാടകർക്കിടയിൽ അഭിപ്രായ സർവേ നടത്താൻ ഇരുഹറം കാര്യാലയം
text_fieldsജിദ്ദ: ഉംറ തീർഥാടകർക്കിടയിൽ അഭിപ്രായ സർവേ നടത്താൻ ഹറമിൽ പ്രത്യേക ഉദ്യോഗസ്ഥർ രംഗത്ത്. ഇരുഹറം കാര്യാലയത്തിനു കീഴിലെ സ്ഥിതിവിവര കണക്കെടുപ്പ് കേന്ദ്രമാണ് തീർഥാടകരിൽനിന്ന് അഭിപ്രായങ്ങൾ തേടാനും രേഖപ്പെടുത്താനും ഫീൽഡ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. തീർഥാടകർക്കും സന്ദർശകർക്കും നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മനസ്സിലാക്കാനും ഇങ്ങനെ ലഭിക്കുന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ ഭാവിപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമാണിത്. ഉംറ നിർവഹിക്കുന്നതിനിടയിൽ ‘ത്വവാഫി’നും ‘സഅ്ഇ’നും എടുക്കുന്ന സമയം, ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാര്യക്ഷമത, നമസ്കാരത്തിനും മറ്റും ഇരിക്കാൻ തീർഥാടകർക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ, മറ്റു വിവരങ്ങൾ എന്നിവ ചോദിച്ചറിയുന്നതിലുൾപ്പെടും.
തീർഥാടകരുടെ സ്ഥിതിവിവരക്കണക്കുകൾ ഉംറയുടെ കർമങ്ങൾ നിർവഹിക്കുന്ന സമയത്താണ് രേഖപ്പെടുത്തുന്നതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്റർ ഡയറക്ടർ മുഹമ്മദ് ബിൻ സാദ് അൽ സുവൈഹി പറഞ്ഞു. ഹറമിലെ ഫീൽഡ് പ്രവർത്തനങ്ങളും ഭരണനിർവഹണ സംവിധാനവും കുറ്റമറ്റതാക്കാനും വിപുലപ്പെടുത്താനും സർവേയിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപകരിക്കും. ഇതിന് ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിക്കാൻ കേന്ദ്രം ശ്രദ്ധചെലുത്തുന്നുണ്ട്. തീർഥാടകർക്കു നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിൽ ഈ അഭിപ്രായ സർവേകൾക്ക് വലിയ പങ്കുണ്ടെന്നും കേന്ദ്രം മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.