വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്ത് ഇസ്‍ലാമിനുണ്ട് -ശൈഖ് അഹ്മദ് കുട്ടി
text_fieldsജിദ്ദ: എത്ര കടുത്ത വെല്ലുവിളികള്‍ നേരിട്ടാലും അതിനെ അതിജീവിക്കാന്‍ ഇസ്‍ലാമിന് കഴിയുമെന്നും ഇതര സമൂഹങ്ങളുമായുള്ള ഇടപെടലുകളിലൂടെ ഇസ്‍ലാമോഫോബിയയെ പ്രതിരോധിക്കാന്‍ അത് പ്രാപ്തമാണെന്നും പ്രശസ്ത പണ്ഡിതനും കാനഡ ടൊറന്റോ ഇസ്‍ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ലെക്ചററുമായ ശൈഖ് അഹ്മദ് കുട്ടി പറഞ്ഞു.ജിദ്ദ നാഷനല്‍ ആശുപത്രി ഓഡിറ്റോറിയത്തിൽ തനിമ സാംസ്കാരികവേദി വെസ്റ്റേണ്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച പരിപാടിയിൽ 'ഇസ്‍ലാം: പുതിയകാല സാധ്യതകള്‍' വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്‍ലാം അല്ലാഹുവില്‍നിന്നുള്ളതാണ്. അതിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല. ഇസ്‍ലാമോഫോബിയ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ലെന്നും അതിന് കുരിശുയുദ്ധത്തോളം തന്നെ പഴക്കമുണ്ടെന്നും ശൈഖ് അഹ്മദ് കുട്ടി പറഞ്ഞു.ഇസ്‍ലാം വന്നിട്ടുള്ളത് ഏതെങ്കിലും മതത്തെയോ സംസ്കാരത്തെയോ ഇല്ലാതാക്കാനായിരുന്നില്ല. മറിച്ച് അതിലുള്ള തെറ്റുകളെ തിരുത്താനും ശുദ്ധീകരിക്കാനുമായിരുന്നു. വെല്ലുവിളികളെ പ്രശ്നമാക്കാതെ, അവസരങ്ങളായി കാണുകയാണ് മുസ്‍ലിംകൾ ചെയ്യേണ്ടത്.
ഇസ്‍ലാം വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 50 വര്‍ഷംമുമ്പ് കാനഡയിലെത്തിയപ്പോള്‍ അവിടെ വിരലിലെണ്ണാവുന്ന പള്ളികള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍, ഇന്ന് നൂറുകണക്കിന് പള്ളികള്‍ അവിടെയുണ്ടെന്ന് തന്റെ അനുഭവങ്ങള്‍ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ കഴിഞ്ഞാല്‍ കാനഡയിലെ രണ്ടാമത്തെ ഏറ്റവും വലിയ ജനവിഭാഗമായി മുസ്‍ലിംകള്‍ മാറി. ഇസ്‍ലാമോഫോബിയ ഒരു വെല്ലുവിളിയാണെങ്കിലും, സമുദായത്തിനകത്തെ ആഭ്യന്തര വെല്ലുവിളികളാണ് കൂടുതല്‍ അപകടകരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ഡിതന്മാര്‍ പരസ്പരം വാളോങ്ങുന്ന പ്രവണത അവസാനിപ്പിക്കേണ്ടതുണ്ട്. ഇസ്‍ലാം സന്തോഷത്തിന്റെ മതമാണ്. അതിനെ ആഘോഷമായി കൊണ്ടാടുക. പ്രവാചകന് വലിയ എതിര്‍പ്പുകളെ നേരിടേണ്ടിവന്നിരുന്നെങ്കിലും, അദ്ദേഹത്തിന്റെ സത്യസന്ധതയെ ആരും ചോദ്യംചെയ്തിട്ടില്ല. ഈ മൂല്യബോധമുണ്ടായാല്‍ ജനങ്ങള്‍ ഇസ്‍ലാമിനെ കേള്‍ക്കാന്‍ മുന്നോട്ടുവരുമെന്നും ശൈഖ് അഹ്മദ് കുട്ടി അഭിപ്രായപ്പെട്ടു.
ജിദ്ദ നാഷനല്‍ ആശുപത്രി മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. തനിമ നോര്‍ത്ത് സോണ്‍ പ്രസിഡന്റ് സി.എച്ച്. ബഷീര്‍ അധ്യക്ഷത വഹിച്ചു. സൗത്ത് സോണ്‍ പ്രസിഡന്റ് സഫറുല്ല മുല്ലോളി സമാപന പ്രസംഗം നിർവഹിച്ചു. ഇബ്രാഹീം ശംനാട് ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.