ഇസ്ലാമിക് ആർട്സ് ബിനാലെ ജനുവരി 25 മുതൽ മേയ് 25 വരെ ജിദ്ദ ഹജ്ജ് ടെർമിനലിൽ
text_fieldsജിദ്ദ: ദറഇയ ബിനാലെ ഫൗണ്ടേഷന് കീഴിൽ ഇസ്ലാമിക് ആർട്സ് ബിനാലെ രണ്ടാം എഡിഷൻ ജനുവരി 25 മുതൽ മേയ് 25 വരെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്രവിമാനത്താവളത്തിലെ വെസ്റ്റേൺ ഹജ്ജ് ടെർമിനലിൽ നടക്കും. മൊത്തം 1,10,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിനകത്ത് 12,000 ചതുരശ്ര മീറ്റർ സമർപ്പിത പ്രദർശന സ്ഥലത്തോടുകൂടിയാണ് ബിനാലെ ഒരുക്കുന്നത്.
അന്താരാഷ്ട്ര കലാസംവിധായകരായ ജൂലിയൻ റാബി, അമിൻ ജാഫർ, അബ്ദുറഹ്മാൻ അസം, സൗദി ആർട്ടിസ്റ്റ് മുഹന്നദ് ഷോനോ എന്നിവരടങ്ങുന്ന ടീമാണ് ബിനാലെക്ക് വേണ്ടി വേദി തയാറാക്കുന്നത്. കഅബയെ പുതപ്പിക്കുന്ന മുഴുവൻ കിസ്വയും ഇതാദ്യമായി ഇപ്രാവശ്യത്തെ ബിനാലെയിൽ പ്രദർശിപ്പിക്കുമെന്ന് ദറഇയ ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു. ‘ഇടയിൽ (In Between)’ എന്നതാണ് ഈ വർഷത്തെ പ്രദർശനത്തിന്റെ തീം.
കിസ്വയുടെ തുടക്കം, ചരിത്രത്തിലുടനീളം അതിന്റെ വികസനം, അതുമായി ബന്ധപ്പെട്ട കലകൾ, കൊത്തുപണികൾ, കരകൗശല വൈദഗ്ധ്യം, വിജ്ഞാനം എന്നിവയെക്കുറിച്ചെല്ലാം സന്ദർശകർക്ക് പഠിക്കാൻ അവസരം നൽകുന്ന രീതിയിലാണ് കിസ്വയുടെ പ്രദർശനം ഒരുക്കുന്നത്. പട്ട്, സ്വർണം, വെള്ളി എന്നിവയുടെ നൂലുകളുള്ള അതിന്റെ നെയ്ത്തിന്റെയും എംബ്രോയ്ഡറിയുടെയും മികച്ച വിശദാംശങ്ങൾ സന്ദർശകർക്ക് മനസ്സിലാക്കാനാവും. പ്രദർശനത്തിനുശേഷം കിസ്വകൾ കിങ് അബ്ദുൽ അസീസ് കോംപ്ലക്സിന്റെ സംരക്ഷണത്തിലേക്ക് തിരികെ നൽകും.
കിസ്വയെ കൂടാതെ ചരിത്രപരമായ ഇസ്ലാമിക പുരാവസ്തുക്കളും സമകാലിക കലാസൃഷ്ടികളും ഒരിക്കലും പ്രദർശിപ്പിച്ചിട്ടില്ലാത്ത ഇരു ഹറം മസ്ജിദുകളുടെ മാസ്റ്റർപീസുകളും പ്രാദേശിക, അന്തർദേശീയ കലാകാരന്മാരുടെ സമകാലിക കലാസൃഷ്ടികളും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ചരിത്രപരവും സമകാലികവുമായ ഇസ്ലാമിക നാഗരികതയുടെ സമ്പന്നവും വൈവിധ്യമാർന്നതുമായ കലകൾ അവതരിപ്പിച്ചുകൊണ്ട് ഇസ്ലാമിക കലയുടെ ആഴങ്ങളിലേക്കി റങ്ങാൻ സന്ദർശകർക്ക് ബിനാലെ അവസരം നൽകും.
ഇസ്ലാമിക കലകളുടെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് പഠിക്കാനുള്ള അവസരം എന്ന നിലക്ക് കഴിഞ്ഞ വർഷം മുതലാണ് ഇസ്ലാമിക് ആർട്സ് ബിനാലെ പ്രദർശനം ജിദ്ദയിൽ ആരംഭിച്ചത്. മക്കയിലേക്കുള്ള ഹജ്ജ്, ഉംറ തീർഥാടനത്തിലേക്കുള്ള കവാടമെന്ന നിലയിലാണ് പ്രദർശനത്തിന് ജിദ്ദയിലെ ഹജ്ജ് ടെർമിനൽ വേദിയായി നിശ്ചയിച്ചത്. ‘ആദ്യ ഭവനം (ദി ഫസ്റ്റ് ഹൗസ്)’ എന്ന പേരിൽ നടന്ന കഴിഞ്ഞ പ്രദർശനം കാണാൻ ആറ് ലക്ഷം സന്ദർശകരാണ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.