ജിദ്ദ വിമാനത്താവളത്തിൽ ഇസ്ലാമിക് ആർട്സ് ബിനാലെ തുടരുന്നു
text_fieldsജിദ്ദ വിമാനത്താവളത്തിലെ ഇസ്ലാമിക് ആർട്സ് ബിനാലെ മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ സന്ദർശിച്ചപ്പോൾ
ജിദ്ദ: 2025ലെ ഇസ്ലാമിക് ആർട്സ് ബിനാലെ മദീന ഗവർണർ അമീർ സൽമാൻ ബിൻ സുൽത്താൻ സന്ദർശിച്ചു. ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വെസ്റ്റേൺ പിൽഗ്രിംസ് ടെർമിനലിൽ ഒരുലക്ഷം ചതുരശ്ര മീറ്ററിൽ കൂടുതലുള്ള സ്ഥലത്ത് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 500ലധികം ചരിത്രരചനകളും സമകാലിക കലാസൃഷ്ടികളും മദീന ഗവർണർ കണ്ടു. പ്രദർശനങ്ങളിൽ മക്ക, മദീന എന്നിവിടങ്ങളിൽനിന്നുള്ള കൃതികളും കൈയെഴുത്തുപ്രതികളും അന്താരാഷ്ട്ര ഇസ്ലാമിക കലാസ്ഥാപനങ്ങളിൽനിന്നുള്ള അപൂർവ ശേഖരങ്ങളും ഉൾപ്പെടുന്നു.
ബിനാലെയുടെ രണ്ടാം പതിപ്പ് കണ്ടതിൽ ഗവർണർ സന്തോഷം പ്രകടിപ്പിച്ചു. ഇസ്ലാമിക പൈതൃകം സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സംഭാവന നൽകുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ ഇസ്ലാമിക നാഗരികതയുടെ നിധികൾ ഉയർത്തിക്കാട്ടുന്നതിലും യുഗങ്ങളിലുടനീളം അതിന്റെ സാംസ്കാരികവും കലാപരവുമായ സംഭാവനകളെ പരിചയപ്പെടുത്തുന്നതിലും ദറഇയ ബിനാലെ ഫൗണ്ടേഷൻ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ചു.
ഇസ്ലാമിക കലകളുടെ ആഴവും അതിന്റെ ആഗോള സാംസ്കാരിക സ്വാധീനവും സന്ദർശകർക്ക് കണ്ടെത്താനുള്ള സവിശേഷമായ അവസരമാണ് ഈ പരിപാടി. ജനങ്ങൾ തമ്മിലുള്ള ധാരണയും സാംസ്കാരിക വിനിമയവും വർധിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന വേദിയെ പ്രതിനിധീകരിക്കുന്നുവെന്നും മദീന ഗവർണർ പറഞ്ഞു. ചിന്തയും ഗവേഷണവും പഠനവും സമന്വയിപ്പിക്കുന്ന പ്രവർത്തനങ്ങളിലൂടെ സംഭാഷണം പ്രോത്സാഹിപ്പിക്കാനും ഇസ്ലാമിക കലകളെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കാനും ലക്ഷ്യമിടുന്ന ഒരു സമഗ്ര വേദിയാണ് ദറഇയ ബിനാലെ ഫൗണ്ടേഷൻ ജിദ്ദയിൽ സംഘടിപ്പിച്ച ഇസ്ലാമിക് ആർട്സ് ബിനാലെ. മെയ് 25 വരെ ബിനാലെ തുടരും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.