ഗസ്സയിൽ സ്കൂളുകൾക്ക് നേരെ ഇസ്രായേൽ ആക്രമണം; സൗദി ശക്തമായി അപലപിച്ചു
text_fieldsയാംബു: ഗസ്സയിൽ വീട് നഷ്ടപ്പെട്ട ഫലസ്തീനികൾ തിങ്ങിത്താമസിക്കുന്ന സ്കൂളുകളും ക്യാമ്പുകളും ബോംബിങ്ങിലൂടെ തരിപ്പണമാക്കിയ ഇസ്രായേൽ ക്രൂരതയിൽ സൗദി അറേബ്യ ശക്തമായി അപലപിച്ചു.
നുസറാത്ത് അഭയാർഥി ക്യാമ്പിലെ അൽ റാസി സ്കൂളും ചൊവ്വാഴ്ച ഇസ്രായേൽ സേന ടാങ്കുകൾ ഉപയോഗിച്ച് തകർത്തിരുന്നു. ഗസ്സയിലെ നുസറാത്ത് അഭയാർഥി ക്യാമ്പിലെ ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്സ് ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) കീഴിലുള്ള സ്കൂളാണ് അൽ റാസി സ്കൂൾ.
25 പേരുടെ മരണം കഴിഞ്ഞദിവസം ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു. സാധാരണക്കാരായ ആളുകൾക്കെതിരെ ഒരു പ്രകോപനവുമില്ലാതെ ഇസ്രായേലി സേന നടത്തിയ കടുത്ത ആക്രമണത്തിലും ആഗോള മനുഷ്യാവകാശ ലംഘനം ആവർത്തിക്കുന്ന ഇസ്രായേൽ നടപടിയിലും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പ്രസ്താവിച്ചു. ആഴ്ചകൾക്കിടെ ഏറ്റവും രൂക്ഷമായ ബോംബിങ്ങാണ് സിവിലിയൻ കേന്ദ്രങ്ങളിൽ ഇസ്രായേൽ സേന തുടരുന്നത്.
ഒമ്പത് മാസമായി തുടരുന്ന ഇസ്രായേലി വംശഹത്യ യു.എൻ അഭയാർഥി ഏജൻസിക്ക് കീഴിലുള്ള 70 ശതമാനം സ്കൂളുകളും തകർക്കപ്പെട്ടിട്ടുണ്ട്. ഈ നടപടിയെ ശക്തമായി അപലപിക്കുന്നതായും സാധാരണക്കാരുടെയും മാനുഷിക സൗകര്യങ്ങളുടെയും അവയിൽ പ്രവർത്തിക്കുന്നവരുടെയും സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യാനും സൗദി ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര മാനുഷികവും നിയമപരവുമായ എല്ലാ മാനദണ്ഡങ്ങളുടെയും തുടർച്ചയായ ലംഘനത്തിന് ഇസ്രായേൽ അധിനിവേശ സേന കനത്ത വില നൽകേണ്ടിവരുമെന്നും സൗദി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.