ആക്രമണങ്ങളുടെ അനന്തര ഫലങ്ങൾക്ക് ഇസ്രായേൽ ഉത്തരവാദി –അറബ് ലീഗ്
text_fieldsജിദ്ദ: യു.എൻ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണ് ഇസ്രായേൽ നടത്തുന്ന ആക്രമണമെന്നും ഇൗ കുറ്റകൃത്യങ്ങളുടെ അനന്തരഫലങ്ങൾക്ക് ഇസ്രായേൽ ഉത്തരവാദികളാണെന്നും അറബ് ലീഗ് വ്യക്തമാക്കി. അൽഅഖ്സ പള്ളിയിലെത്തിയവർക്കെതിരെ ഇസ്രായേൽ സൈന്യം നടത്തുന്ന ആക്രമണത്തെ നേരിടാനുള്ള അറബ്, അന്തർദേശീയ നടപടികൾ ചർച്ച ചെയ്യുന്നതിന് ചേർന്ന അസാധാരണ യോഗത്തിനുശേഷം പുറപ്പെടുവിച്ച പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഡിയോ കോൺഫറൻസിലൂടെ നടന്ന യോഗത്തിൽ വിദേശകാര്യ മന്ത്രിമാരും പ്രതിനിധികളും അറബ് ലീഗ് സെക്രട്ടറി ജനറലും പെങ്കടുത്തു.
അൽഅഖ്സ പള്ളിയിൽ ആരാധകർക്കെതിരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെ അറബ് ലീഗ് ശക്തമായി അപലപിച്ചു. ഫലസ്തീൻ ജനതക്കു നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ ലോക മുസ്ലിംകളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതും മേഖലയിലേയും ലോകത്തെയും സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയുമാണ്. ആക്രമണം ഉടനടി അവസാനിപ്പിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കാൻ യു.എൻ, സുരക്ഷ സമിതി ഉൾപ്പെടെ അന്താരാഷ്ട്ര സംഘടനകളോട് അറബ് ലീഗ് ആവശ്യപ്പെട്ടു.
സുരക്ഷ കൗൺസിലിലെ രാജ്യങ്ങളുമായും യു.എന്നിലെ സ്ഥിരംഅംഗങ്ങളുമായും ആശയവിനിയമം നടത്താനും ജറൂസലമിലെ നിയമവിരുദ്ധ ഇസ്രായേൽ നടപടികളും നയങ്ങളും തടയുന്നതിന് പ്രായോഗിക നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിക്കാനും മന്ത്രിതല കമ്മിറ്റി രൂപവത്കരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ജോർഡൻ, സൗദി അറേബ്യ, ഫലസ്തീൻ, ഖത്തർ, ഇൗജിപ്ത്, മൊറോക്കോ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ടതായിരിക്കും കമ്മിറ്റി. ഫലസ്തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തിയ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും സംബന്ധിച്ച് ക്രിമിനൽ അന്വേഷണം നടത്താൻ അന്താരാഷ്ട്ര കോടതിയോട് അഭ്യർഥിക്കാനും ഇതിനാവശ്യമായ എല്ലാ ഭൗതികവും മാനവ വിഭവങ്ങളും നൽകാനും അറബ് ലീഗ് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.