ഗസ്സയിൽ പുനരധിവാസത്തിന് സൗദിക്ക് വിപുലപദ്ധതി
text_fieldsജിദ്ദ: ഇസ്രായേലി അധിനിവേശ സേനയുടെ തുടർച്ചയായ ബോംബാക്രമണത്തിന് ഇരകളായി നരകയാതന അനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതയുടെ പുനരധിവാസത്തിന് ബൃഹദ് പദ്ധതികളുമായി സൗദി അറേബ്യ. ഈ വിഷയത്തിൽ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) മേധാവി ഡോ. അബ്ദുല്ല അൽ റബീഅ ഫലസ്തീൻ ആരോഗ്യമന്ത്രി ഡോ. മാജിദ് അവ്നി അബു റമദാനെ കണ്ട് ചർച്ച നടത്തി.
ഗസ്സയിലെ നിലവിലെ മാനുഷിക സാഹചര്യങ്ങളെക്കുറിച്ചും പുനരധിവാസ വിഷയത്തിലും ആരോഗ്യ മേഖലയിലും അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യങ്ങളാണ് ചർച്ച ചെയ്തത്. വിവിധ ജീവകാരുണ്യപദ്ധതി കരാറുകളിൽ ഒപ്പുവെക്കാൻ ജോർഡനിൽ സന്ദർശനം നടത്തവേയാണ് കൂടിക്കാഴ്ച. ഇസ്രായേൽ ആക്രമണം മൂലമുണ്ടായ മാനുഷിക പ്രതിസന്ധികൾക്കിടയിൽ ഗസ്സ മുനമ്പിലെ ഫലസ്തീൻ ജനതയെ സഹായിക്കുന്നതിൽ കെ.എസ്. റിലീഫ് മുഖേന സൗദി നൽകിയ വലിയ പിന്തുണക്ക് ഫലസ്തീൻ ആരോഗ്യമന്ത്രി നന്ദി അറിയിച്ചു. കുടിയിറക്കപ്പെട്ട ആളുകൾക്ക് ഇനിയും സഹായം എത്തിക്കുന്നതിനുള്ള മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു. ജോർഡനിലെ സൗദി അംബാസഡറും ഫലസ്തീനിലെ നോൺ റസിഡൻറ് അംബാസഡറുമായ നായിഫ് ബിൻ ബന്ദർ അൽ സുദൈരി യോഗത്തിൽ പങ്കെടുത്തു.
ഗസ്സയിലെ വെടിനിർത്തൽ, മാനുഷിക സഹായം എത്തിക്കൽ തുടങ്ങിയ വിഷയങ്ങളുമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, മാഡ്രിഡിൽ യു.എൻ സീനിയർ ഹ്യുമാനിറ്റേറിയൻ ആൻഡ് റീ കൺസ്ട്രക്ഷൻ കോഓഡിനേറ്ററായ ഗാസ സിഗ്രിഡ് കാഗുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗസ്സയിൽ മതിയായതും സുസ്ഥിരവുമായ മാനുഷിക സഹായം എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രതിസന്ധി അവസാനിപ്പിക്കാൻ വെടിനിർത്തൽ കരാറിലെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമായിരുന്നു ചർച്ച. ഗസ്സയിൽ തുടരുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനത്തിന് കടുത്ത വില നൽകേണ്ടിവരുമെന്നും അത് തുടരാൻ അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രി ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.