ഗസ്സയിലെ ഇസ്രായേൽ ആക്രമണം; സൗദി അപലപിച്ചു
text_fieldsയാംബു: ഗസ്സയിലെ സുരക്ഷിത മേഖല ലക്ഷ്യമിട്ട് ഇസ്രായേൽസേന നടത്തുന്ന നീക്കത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഫലസ്തീന്റെ തെക്കുഭാഗത്തുള്ള ജനവാസമേഖലയായ ഖാൻ യൂനുസിലെ അൽ-മാവാസി അഭയാർഥി ക്യാമ്പിലാണ് ചൊവ്വാഴ്ച പുലർച്ചെ ഇസ്രായേൽ ആക്രമണം നടത്തിയത്.
40ലേറെ പേർ മരിച്ചു. 60ലേറെ പേർക്ക് പരിക്കേറ്റു. ക്യാമ്പിൽ ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് ക്രൂരമായ ഈ ആക്രമണം നടന്നത്. 20 ടെന്റുകളും തകർന്നിട്ടുണ്ട്. ഇസ്രായേൽ നടത്തുന്ന മൃഗീയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം അപലപിക്കുന്നതായി ‘എക്സി’ൽ അറിയിച്ചു.
യുദ്ധത്തിന്റെ തുടക്കത്തിൽ ഇസ്രായേൽ സൈന്യം സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിടത്താണ് കനത്ത ആക്രമണം നടന്നത്. പതിനായിരക്കണക്കിന് ഫലസ്തീനികൾ അവിടെ അഭയം തേടിയിരുന്നതായി ഗസ്സ സിവിൽ ഡിഫൻസ് അറിയിച്ചു.
അന്താരാഷ്ട്ര സമൂഹം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രതിഷേധക്കുറിപ്പിൽ ആവശ്യപ്പെട്ടു.
ഫലസ്തീൻ പ്രദേശങ്ങളിലും ഗസ്സയിലും ഇസ്രായേൽ നടത്തുന്ന വംശഹത്യയും തുടർച്ചയായി നടത്തുന്ന കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.