ജബലിയ ക്യാമ്പിന് നേരെയുള്ള ഇസ്രായേൽ ആക്രമണം ‘മനുഷ്യത്വരഹിതം’ -സൗദി അറേബ്യ
text_fieldsജിദ്ദ: ഗസ്സ മുനമ്പിലെ ജബലിയ ക്യാമ്പിന് നേരെ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തെ സൗദി വിദേശകാര്യ മന്ത്രാലയം ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് നിരപരാധികളായ ധാരാളം ജനങ്ങളുടെ മരണത്തിനും പരിക്കിനും കാരണമായി. ഇത് മനുഷ്യത്വരഹിതമാണ്. ഗസ്സയിലെ സൈനിക ആക്രമണങ്ങൾ നിർത്തുന്നത് അടിയന്തിര മുൻഗണന നൽകണമെന്നും ആവശ്യപ്പെട്ടു.
ഇസ്രായേലി അധിനിവേശ സേന സിവിലിയൻമാർ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ ആവർത്തിച്ച് ലക്ഷ്യമിടുന്നതിനെതിരെ സൗദി അപലപിക്കുകയും പൂർണമായി നിരസിക്കുകയും ചെയ്യുന്നുവെന്ന് ‘എക്സ്’ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച 2023 ഒക്ടോബർ 27 ന് പുറത്തിറക്കിയ യു.എൻ ജനറൽ അസംബ്ലി പ്രമേയത്തിന് അനുസൃതമായി ഉടനടി വെടിനിർത്തലും മാനുഷിക ഉടമ്പടിയും അംഗീകരിക്കാൻ അധിനിവേശ സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിെൻറ പരാജയത്തിെൻറ വെളിച്ചത്തിലാണ് ആക്രമണം തുടരുന്നതെന്നും പറഞ്ഞു.
നിലവിലുള്ള അപകടകരമായ മാനുഷിക സാഹചര്യങ്ങളെ ഒട്ടും ന്യായീകരിക്കാൻ കഴിയില്ല. രക്തച്ചൊരിച്ചിൽ ഒഴിവാക്കുക, സിവിലിയന്മാരെ സംരക്ഷിക്കുക, സൈനിക പ്രവർത്തനങ്ങൾ നിർത്തുക എന്നിവ അടിയന്തിര മുൻഗണനകളാണ്. അത് നീട്ടിവെക്കാനോ തടസ്സപ്പെടുത്താനോ അംഗീകരിക്കാൻ കഴിയില്ല. ഉടനടി അവ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് അനിവാര്യമായും ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കും. ഇസ്രായേൽ അധിനിവേശത്തിനും അന്താരാഷ്ട്ര സമൂഹത്തിനും ഉത്തരവാദിത്തമുണ്ടെന്നും സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.