ഐ.എസ്.ആർ.ഒ സ്പേസ് ക്ലബ് സൗദിയിൽ ഉദ്ഘാടനം ചെയ്തു
text_fieldsറിയാദ്: ഐ.എസ്.ആർ.ഒയും സയൻസ് ഇന്ത്യ ഫോറം സൗദി ചാപ്റ്ററും ഒരുമിച്ചു നേതൃത്വം നൽകുന്ന സ്പേസ് ക്ലബിന്റെ ഉദ്ഘാടനം സൗദി അറേബ്യയിലെ 10 ഇൻറർനാഷനൽ ഇന്ത്യൻ സ്കൂളുകളിൽ നടന്നു.
ഗൾഫ് മേഖലയിലെ പ്രവാസി ഇന്ത്യൻ വിദ്യാർഥികളുമായി കൂടുതൽ ഇടപഴകാനും ബഹിരാകാശ പര്യവേഷണത്തിലെ ഇന്ത്യയുടെ മുന്നേറ്റങ്ങൾ പ്രദർശിപ്പിക്കാനും ലക്ഷ്യമിട്ട് ഐ.എസ്.ആർ.ഒ ഇന്ത്യക്ക് പുറത്ത് സംഘടിപ്പിക്കുന്ന വിദ്യാർഥികൾക്ക് വേണ്ടിയുള്ള ആദ്യ സംരംഭമാണിത്.
കഴിഞ്ഞ ദിവസം രാവിലെ 11.30 മുതൽ ഉച്ചക്ക് ഒന്ന് വരെ ഓൺലൈനിലും ഓഫ്ലൈനിലുമായി നടന്ന ഉദ്ഘാടന പരിപാടികൾ എല്ലാ സ്കൂളുകളിലെയും പ്രത്യേകം ക്രമീകരിച്ച ഹാളുകളിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്നു. സയൻസ് ഇന്ത്യ ഫോറം സൗദി ദേശീയ പ്രസിഡൻറ് ബിജു മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കിരൺ കുമാർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
ബഹിരാകാശ പര്യവേഷണത്തിന്റെ ഉദ്ദേശ്യം, രൂപകൽപന, നാഴികക്കല്ലുകൾ, വെല്ലുവിളികൾ, വാണിജ്യപരമായ വശങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഫിസിക്കൽ റിസർച്ച് ലബോറട്ടറി (ഐ.എസ്.ആർ.ഒ) ഡയറക്ടർ ഡോ. അനിൽ ഭരദ്വാജ് ബഹിരാകാശ പര്യവേക്ഷണ പരിപാടികളെക്കുറിച്ചുള്ള വിവിധ വശങ്ങൾ വിദ്യാർഥികൾക്കായി വിവരിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചാൻസലർ ഡോ. ബി.എൻ. സുരേഷ് ബഹിരാകാശ ശാസ്ത്രത്തിൽ കരിയർ പരിഗണിക്കാൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും ശാസ്ത്രത്തിെൻറയും ഗണിതത്തിന്റെയും പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു.
അതത് സ്കൂളുകളിലെ പ്രിൻസിപ്പൽമാരും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് സേഥിയയും സംസാരിച്ചു. ഗൾഫിലെ ഇന്ത്യൻ പ്രവാസി വിദ്യാർഥികൾക്കിടയിൽ ബഹിരാകാശ ശാസ്ത്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ സംഭവം എന്ന് സയൻസ് ഇന്ത്യ ഫോറം സംഘാടകർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.