നാട്ടിൽ പോയിട്ട് 23 വർഷം, മരിച്ചിട്ടും കിടന്നു മൂന്നരമാസം; ആന്ധ്ര സ്വദേശിയുടെ മൃതദേഹം ഒടുവിൽ നാട്ടിലെത്തിച്ചു
text_fieldsറിയാദ്: സ്പോൺസറോ, ഔദ്യോഗിക രേഖകളോയില്ലാതെ സൗദിയിലെ മോർച്ചറിയിൽ നിയമക്കുരുക്കിൽെപട്ട് കിടന്ന ആന്ധ്ര സ്വദേശിയുടെ മൃതദേഹം മൂന്നര മാസത്തിനുശേഷം നാട്ടിലെത്തിച്ചു. 30 വർഷം മുമ്പാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂർ സ്വദേശിയായ ശിവയ്യ സൗദിയിലെത്തിയത്.
23 വർഷമായി നാട്ടിൽ പോയിട്ട്. ഇതിനിടെ കഴിഞ്ഞ നവംബർ അഞ്ചിന് റിയാദിലെ അസീസിയ്യയിൽ സുഹൃത്തിെൻറ മുറിയിൽ വെച്ച് മരിച്ചു. ഇഖാമയോ, ബോർഡർ നമ്പറോ, പാസ്പോർട്ടോ കണ്ടെത്താനായില്ല. സ്പോൺസറുടെ വിവരവും ലഭ്യമായില്ല.
2013ലെ പൊതുമാപ്പ് സമയത്തെ ഇന്ത്യൻ എംബസി ഔട്ട്പാസ് മാത്രമാണ് പൊലീസിന് ലഭിച്ചത്. നാട്ടിലെ രേഖകൾ വെച്ചാണ് പൊതുമാപ്പ് സമയത്ത് എംബസി ഔട്ട് പാസ് നൽകിയത്. ആ അവസരം ഉപയോഗപ്പെടുത്തിയില്ല.
ഒടുവിൽ മൃതദേഹം നാട്ടിലേക്ക് അയക്കാൻ വഴി തേടി സൗദി പൊലീസ് ഇന്ത്യൻ എംബസിയെയും റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെയും ബന്ധപ്പെടുകയായിരുന്നു. ഇഖാമയില്ലാത്തതിനാൽ വിരലടയാളമെടുത്തെങ്കിലും മുമ്പ് രജിസ്റ്റർ ചെയ്യാതിരുന്നതിനാൽ ആ ശ്രമവും വിഫലമായി.
അന്വേഷണത്തിൽ 23 വർഷം മുമ്പാണ് നാട്ടിൽപോയി വന്നതെന്ന് മനസ്സിലായി. ഭാര്യ മരിച്ചു. നാട്ടിലുള്ള മകെൻറ ആവശ്യപ്രകാരം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടർന്നു. ഇന്ത്യൻ എംബസി എൻ.ഒ.സി നൽകി. അതുപ്രകാരം പൊലീസിൽനിന്നും രേഖകൾ ലഭിച്ചു.
ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള രേഖകളില്ലാത്തതിനാൽ ഡെത്ത് സർട്ടിഫിക്കറ്റ് ലഭിച്ചില്ല. എംബസി നൽകിയ കത്തുകൾ ഉൾപ്പെടെയുള്ള രേഖകൾ വെച്ച് സിവിൽ അഫയേഴ്സിലും പാസ്പോർട്ട് ഓഫിസിലും സിദ്ദീഖ് അപേക്ഷ നൽകി.
ഈ രേഖകളെല്ലാം ബന്ധപ്പെട്ട മന്ത്രാലയത്തിലെ വിവിധ വകുപ്പുകളിലെത്തിയെങ്കിലും ഇഖാമ നമ്പർ ലഭിച്ചില്ല.സിവിൽ അഫയേഴ്സിൽ നൽകിയ അപേക്ഷ പ്രകാരം ഇഖാമയില്ലാതെ ഡെത്ത് സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവായി.
എന്നാൽ അപ്പോഴേക്കും ശിവയ്യയുടെ പഴയ പാസ്പോർട്ട് വേണമെന്നായി. സിദ്ദീഖ് ജവാസത്ത് (പാസ്പോർട്ട് വകുപ്പ്) ഐ.ടി വകുപ്പ് മേധാവിയെ കണ്ട് കാര്യങ്ങൾ ധരിപ്പിച്ചതിനെ തുടർന്ന് ഡിപ്പോർട്ടേഷൻ (തർഹീൽ) സെൻററിലേക്ക് രേഖകൾ കൈമാറി.ഉദ്യോഗസ്ഥരെ വിഷയം ബോധ്യപ്പെടുത്തി ഫൈനൽ എക്സിറ്റ് സീൽ ലഭ്യമാക്കി.
തുടർന്ന് എംബസിയുടെ ചെലവിൽ എംബാം, കാർഗോ നടപടികൾ പൂർത്തിയാക്കി മൃതദേഹം റിയാദ് കിങ് ഖാലിദ് എയർപോർട്ടിലെത്തിച്ചു. സിദ്ദീഖ് എയർ പോർട്ടിലെ പാസ്പോർട്ട് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച രാവിലെ എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വഴി ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു. അവിടെനിന്ന് സ്വദേശമായ ചിറ്റൂരിലും എത്തിച്ചു. സങ്കീർണമായ ഈ ദൗത്യത്തിൽ കുരുക്കഴിക്കാൻ ഇന്ത്യൻ എംബസിയും വിവിധ സൗദി വകുപ്പ് ഉദ്യോഗസ്ഥരുമാണ് സിദ്ദീഖ് തുവ്വൂരിനൊപ്പം പങ്കാളികളായത്.
രേഖകളില്ലാതെ നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലുള്ളവർ ഇന്ത്യൻ എംബസിയെയോ സാമൂഹികപ്രവർത്തകരെയോ ബന്ധപ്പെട്ട് നാടണയാൻ ശ്രമിക്കണമെന്ന് സിദ്ദീഖ് തുവ്വൂർ ആളുകളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.