ചൈനയിൽനിന്ന് മെഡിക്കൽ വിദ്യാർഥികൾ തിരിച്ചെത്തിയിട്ട് മൂന്നു വർഷം
text_fieldsദമ്മാം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് വിദേശങ്ങളിൽനിന്ന് തിരിച്ചെത്തിയ വിദ്യാർഥികളിൽ അധികവും അതത് രാജ്യങ്ങളിലേക്ക് തിരികെപ്പോയി പഠനം തുടർന്നുവെങ്കിലും ചൈനയിൽ നിന്നെത്തിയവരുടെ മടങ്ങിപ്പോക്ക് അനന്തമായി നീളുകയാണ്. സൗദിയിലുള്ള പ്രവാസി മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് വിദ്യാർഥികളാണ് ചൈനയിലെ വിവിധ യൂനിവേഴ്സിറ്റികളിൽ വൈദ്യപഠനം നടത്തിയിരുന്നത്.
ഗൾഫ് നാടുകളിൽ സ്കൂൾപഠനം പൂർത്തിയാക്കിയവരാണ് അധികവും ചൈന പോലുള്ള വിദേശ രാജ്യങ്ങളെ മെഡിക്കൽ പഠനത്തിന് ആശ്രയിച്ചത്. 2019 ഫെബ്രുവരിയിലാണ് ഈ കുട്ടികൾ ഇന്ത്യയിലേക്ക് മടങ്ങിവന്നത്. കുറച്ചധികം കുട്ടികൾ സൗദിയിലുള്ള രക്ഷിതാക്കളുടെ അടുത്തേക്കും മടങ്ങിവന്നിരുന്നു. ലോകത്ത് ആദ്യമായി കോവിഡ് വ്യാപിച്ച ചൈനയിൽ കോളജുകൾ അടക്കുകയും സുരക്ഷിതരായി അകത്തിരിക്കാൻ അധികൃതർ നിർദേശിക്കുകയുമായിരുന്നു.
ഏറെ പ്രയാസപ്പെട്ടാണ് ഈ മഹാമാരിയിൽനിന്ന് കുട്ടികൾ തിരികെ നാട്ടിലേക്ക് എത്തിയത്. കോവിഡിന്റെ വ്യാപനം കുറഞ്ഞതോടെ ഓൺലൈനിൽ ക്ലാസുകൾ തുടർന്നെങ്കിലും പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള സമ്പൂർണ പഠനം ഇവർക്ക് ലഭ്യമായിട്ടില്ല. അതേസമയം ഇതുവരെയുള്ള മുഴുവൻ ഫീസുകളും യൂനിവേഴ്സിറ്റി സ്വീകരിച്ചു കഴിഞ്ഞു. പരീക്ഷ എഴുതാൻ ഫീസടക്കണമെന്ന നിബന്ധനയുടെ മുന്നിൽ രക്ഷിതാക്കളും കുട്ടികളും നിസ്സഹായരാവുകയായിരുന്നു.
നേരത്തെ മൂന്നു വർഷം കഴിഞ്ഞ കുട്ടികൾക്ക് കോഴ്സ് കംപ്ലീറ്റ് സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിലും ഇന്ത്യയിലെ മെഡിക്കൽ കൗൺസിൽ പരീക്ഷ എഴുതാനാകുമോ എന്ന ആശങ്കയിലാണ് കുട്ടികൾ. ഒന്നരവർഷത്തിന് മുമ്പു തന്നെ ചൈനയിൽ നിന്നെത്തിയവരെല്ലാം വിദേശ മന്ത്രാലയത്തിന്‍റെ പ്രത്യേക പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികളെ തിരിച്ചുകൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഇന്ത്യ, ചൈന വിദേശ മന്ത്രിമാർ സംയുക്ത പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം വെറും പ്രസ്താവനകളിൽ മാത്രം ഒതുങ്ങുന്നു എന്ന നിരാശയിലാണ് കുട്ടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.